മെല്‍ബണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വളച്ചയില്‍ അമ്പരന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പല്‍. ടെസ്റ്റില്‍ മികവ് പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ തുത്തുവാരിയതിന് പിന്നാലെയാണ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെ വാനോളം പുകഴ്ത്തിയത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി മികച്ചതാവണമെങ്കില്‍ കളിയുടെ നിലവാരം വര്‍ധിക്കണമെന്നും ചാപ്പല്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''സാമ്പത്തിക ഭദ്രതയും ഐപിഎല്ലും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തുണയായി. കഴിവുള്ള താരങ്ങള്‍ ഇന്ത്യയിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് വളരാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും ഇന്ത്യയിലുണ്ട്. 

ഇന്ത്യയെ വെല്ലാന്‍ ഇന്നൊരു ടീമിനും ആവില്ല. ലോകത്തെ മികച്ച ടീമായി തന്നെ അവര്‍ നിലനില്‍ക്കും. നിലവില്‍ ടീമിന്റെ ബൗളിങ് നിര മറ്റേത് ടീമിനും അസൂയ ഉണ്ടാക്കുന്നതാണ്. ഏത് സാഹചര്യത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനുള്ള ക്യാപ്റ്റന്‍ കോലിയുടെ കഴിവും ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്.'' ചാപ്പല്‍ പറഞ്ഞുനിര്‍ത്തി.