ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തൊട്ടുമുമ്പ് ടീമില്‍ മാറ്റം വരുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് പകരം സ്പിന്നര്‍ ആഡം സാംപയെ ടീമില്‍ ഉള്‍പ്പെടുത്തി. സാംപയും ഓസീസ് താരമാണ്. ഐപിഎല്‍ കാലയളവിലാണ് റിച്ചാര്‍ഡ്‌സണിന്റെ ഭാര്യ നൈക്കി ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നത്. ഭാര്യക്കൊപ്പം വേണമെന്നുള്ളതുകൊണ്ട് താരം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ വിരാട് കോലിയുടെയും സംഘത്തിന്റെയും സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൂടുതല്‍ ശക്തമാവും. ഇന്ത്യന്‍ താരങ്ങളായ യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇംഗ്ലീഷ് താരം മൊയീന്‍ അലി, ഇന്ത്യയുടെ ആഭ്യന്തരതാരം പവന്‍ നേഗി എന്നിവര്‍  ഇപ്പോള്‍തന്നെ ടീമിലുണ്ട്. അതിനിടെയാണ് സാംപയുടെ വരവ്.

 

 

കെയ്ന്‍ ഐപിഎല്ലിനുണ്ടാകില്ലെന്ന് ഹെഡ് കോച്ച് മൈക്ക് ഹെസ്സന്‍ തന്നെയാണ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളില്‍ ഒന്നാണിതെന്നും ഈ അവസരത്തില്‍ റിച്ചാര്‍ഡ്ണിനോടൊപ്പം നില്‍ക്കുകയാണെന്നും ഹെസ്സന്‍ വ്യക്തമാക്കി.

റിച്ചാര്‍ഡ്‌സണും സാംപയും ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20, ഏകദിന മത്സരങ്ങള്‍ കളിച്ചശേഷം സാംപ ആര്‍സിബിക്കൊപ്പം ചേരും. ഇക്കഴിഞ്ഞ താരലേലത്തില്‍ നാല് കോടിക്കാണ് ആര്‍സിബി റിച്ചാര്‍ഡ്‌സണിനെ സ്വന്തമാക്കിയിരുന്നത്. 1.5 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.