മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടി20 മത്സരങ്ങള്‍ക്കും മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുമുള്ള 21 അംഗ ടീമിനെയാണ് ഓസീസ് സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ നാലു മുതല്‍ 16വരെയാണ് പരമ്പര.

മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര കൊവിഡിന്റെ പശ്ചാത്തലത്തില്‍ പാതിവഴിക്ക് ഉപേക്ഷിച്ചശേഷം ഓസ്ട്രേലിയയുടെ ആദ്യ രാജ്യാന്തര പരമ്പരയാണിത്. ജോഷ് ഫിലിപ്പ്, ഡാനിയേല്‍ സാംസ്, റിലേ മെര്‍ഡിത്ത് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ആരോണ്‍ ഫിഞ്ച് നയിക്കുന്ന ടീമില്‍ ഓള്‍ റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനസ് എന്നിവരെ തിരിച്ചുവിളിച്ചപ്പോള്‍ ഡാര്‍സി ഷോര്‍ട്ടിനെ ഒഴിവാക്കി.

മാനസികാരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ടീമില്‍ നിന്ന് വിട്ടുനിന്ന മാക്സ്‌വെല്‍ ഒരുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ടീമില്‍ തിരിച്ചെത്തുന്നത്. ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും സതാംപ്ടണിലും ഏകദിന പരമ്പര മാഞ്ചസ്റ്ററിലുമാണ് നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മത്സരങ്ങളെല്ലാം ബയോ സെക്യുര്‍ ബബിള്‍ അനുസരിച്ചായിരിക്കും നടത്തുക.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, സീന്‍ ആബട്ട്, ആഷ്ടണ്‍ അഗര്‍, അലക്സ് ക്യാരി, പാറ്റ് കമിന്‍സ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലാബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്‌വെല്‍, റിലേ മെര്‍ഡിത്ത്, ജോഷ് ഫിലിപ്പ്, ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനസ്, ആന്‍ഡ്ര്യു ടൈ, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ.