വെല്ലിംഗ്ടണ്‍: ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെല്‍ അര്‍ധസെഞ്ചുറികളുമായി തിളങ്ങുകയും സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍ ആറു വിക്കറ്റ് വീഴ്ത്തുകയും ചെയ്തപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ  ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് 64 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 144 റണ്‍സിന് പുറത്തായി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു.

വമ്പന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ കിവീസ് ഒരു ഘട്ടത്തില്‍ 109/3 ല്‍ എത്തിയതാണെങ്കിലും ആറ് വിക്കറ്റ് വീഴ്ത്തിയ ആഷ്ടണ്‍ അഗര്‍ ആണ് ഓസീസിന് ജയം സമ്മാനിച്ചു. 28 പന്തില്‍ 43 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലും 27 പന്തില്‍ 38 റണ്‍സടിച്ച ഡെവോണ്‍ കോണ്‍വെയും മാത്രമെ കിവീസ് നിരയില്‍ തിളങ്ങിയുള്ളു. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് അഗര്‍ ആറ് വിക്കറ്റെടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 44 പന്തില്‍ 69 റണ്‍സടിച്ചപ്പോള്‍ മാക്സ്‌വെല്‍ 31 പന്തില്‍ എട്ട് ഫോറും അഞ്ച് സിക്സും പറത്തി 70 റണ്‍സടിച്ചു. 27 പന്തില്‍ 43 റണ്‍സടിച്ച ജോഷ് ഫിലിപ്പും ഓസീസിനായി തിളങ്ങി. അഞ്ച് മത്സര പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച വെല്ലിംഗ്ടണില്‍ നടക്കും.