ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചതുകൊണ്ട് പാകിസ്ഥാന് എന്ത് നേട്ടമാണ് കിട്ടാൻ പോകുന്നതെന്നും ഹര്‍ഭജന്‍ സിംഗ് ചോദിച്ചു.
ചണ്ഡീഗഡ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന പാകിസ്ഥാന്‍റെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാന്‍ പാകിസ്ഥാന് ചങ്കൂറ്റമുണ്ടോ എന്ന് ഹർഭജൻ വെല്ലുവിളിച്ചു. സ്വന്തം നാട്ടിലെ ജനങ്ങളുടെ ആഗ്രഹം തള്ളിക്കളഞ്ഞ് വെറും 'അഹങ്കാരം' കാണിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചതുകൊണ്ട് പാകിസ്ഥാന് എന്ത് നേട്ടമാണ് കിട്ടാൻ പോകുന്നതെന്നും ഹര്‍ഭജന്‍ സിംഗ് ചോദിച്ചു. വെറുമൊരു അഹങ്കാരം കാണിക്കൽ മാത്രമാണിത്. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് വരുത്തിത്തീർത്ത് സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമാണിത്. ഇത്രക്ക് ഉറപ്പുള്ള തീരുമാനമാണെങ്കിൽ അത് നടപ്പിലാക്കി കാണിക്കൂ, നിങ്ങൾക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ എന്ന് നമുക്ക് നോക്കാം-ഹർഭജൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ഏഷ്യാ കപ്പ് സമയത്ത് പാകിസ്ഥാൻ കാണിച്ച ഇരട്ടത്താപ്പിനെയും ഹർഭജൻ ചോദ്യം ചെയ്തു. ഇത്രയും വലിയ രാജ്യസ്നേഹികളാണെങ്കിൽ എന്തിനാണ് നിങ്ങൾ ഏഷ്യാ കപ്പ് കളിച്ചത്? അന്ന് ആ വരുമാനം വേണ്ടെന്ന് വെക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല. സ്വന്തം രാജ്യത്തോട് അന്ന് തോന്നാത്ത സ്നേഹമാണ് ഇപ്പോൾ മറ്റൊരു രാജ്യത്തിന് വേണ്ടി നിങ്ങൾ കാണിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഐസിസിയുടെ നടപടി ഉണ്ടാകും
പാകിസ്ഥാൻ ബഹിഷ്കരണ തീരുമാനവുമായി മുന്നോട്ട് പോയാൽ ഐസിസിയിൽ നിന്ന് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് ഹർഭജൻ മുന്നറിയിപ്പ് നൽകി. ഐസിസിയുടെ നടപടിക്കായി കാത്തിരിക്കൂ. വലിയ പിഴയും വിലക്കും പാകിസ്ഥാനെ തേടിയെത്തും. ഒരുപക്ഷേ ഭാവിയിൽ ഒരു ഐസിസി ടൂർണമെന്‍റിനും ആതിഥേയത്വം വഹിക്കാൻ പാകിസ്ഥാന് കഴിഞ്ഞെന്ന് വരില്ല-ഹര്‍ഭജന്‍ പറഞ്ഞു. ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനോട് പിസിബി (പിസിബി) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
