ലങ്കയുടെ പ്രതീക്ഷയായിരുന്ന ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സടിച്ച് ഓസീസ് ടോപ് ഗിയറിലായി. തീക്ഷണയെ 13 റണ്‍സടിച്ച് പവര്‍ പ്ലേയില്‍ തന്നെ ഓസീസ് 59 റണ്‍സിലെത്തി. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. ഹസരങ്കയും ചമീരയുമെല്ലാം വാര്‍ണറുടെയും ഫിഞ്ചിന്‍റെയും പ്രഹരമേറ്റുവാങ്ങിയപ്പോള്‍ 11-ാം ഓവറില്‍ ഓസീസ് 100 കടന്നു.
കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക്(Australia vs Sri Lanka) 10 വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം 14 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് മറികടന്നു. 44 പന്തില്‍ 70 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും(David Warner) 41 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചുമാണ്(Aaron Finch) ഓസീസിന്‍റെ ജയം അനായാസമാക്കിയത്. സ്കോര്‍ ശ്രീലങ്ക 19.3 ഓവറില്‍ 128ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 14 ഓവറില്‍ 134-0.
വെടിക്കെട്ട് തിരികൊളുത്തി വാര്‍ണര്‍
ലങ്കയെ വേഗം പുറത്താക്കിയതിന്‍റെ ആവേശത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തീക്ഷണയുടെ ആദ്യ ഓവറില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമാവേണ്ടതായിരുന്നു. തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യുവിലൂടെ ഫിഞ്ച് രക്ഷപ്പെട്ടു. ആദ്യ മൂന്നോവറില്‍ 14 റണ്‍സ് മാത്രമെടുത്ത് പതുങ്ങിയ ഓസീസ് ചമീരയുടെ നാലാം ഓവറില്‍ 13 റണ്‍സടിച്ച് കുതിച്ചു.
ലങ്കയുടെ പ്രതീക്ഷയായിരുന്ന ലെഗ് സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ആദ്യ ഓവറില്‍ തന്നെ 19 റണ്‍സടിച്ച് ഓസീസ് ടോപ് ഗിയറിലായി. തീക്ഷണയെ 13 റണ്‍സടിച്ച് പവര്‍ പ്ലേയില്‍ തന്നെ ഓസീസ് 59 റണ്‍സിലെത്തി. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. ഹസരങ്കയും ചമീരയുമെല്ലാം വാര്‍ണറുടെയും ഫിഞ്ചിന്‍റെയും പ്രഹരമേറ്റുവാങ്ങിയപ്പോള്‍ 11-ാം ഓവറില്‍ ഓസീസ് 100 കടന്നു.
മഴയും രക്ഷിച്ചില്ല
എന്നാല്‍ 11.4 ഓവറില്‍ ഓസീസ് 101-0ല്‍ നില്‍ക്കെ മഴയെത്തി. മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ അതിവേഗം ലക്ഷ്യം അടിച്ചെടുത്ത് ഓസീസ് പരമ്പരയില്‍ വിജയത്തുടക്കമിട്ടു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 19.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ലങ്കയെ തകര്‍ത്തത്. 38 റണ്‍സെടുത്ത ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. അവസാന ഓമ്പത് വിക്കറ്റുകള്‍ 28 റണ്‍സിനാണ് ലങ്കക്ക് നഷ്ടമായത്.
എറിഞ്ഞിട്ട് ഹേസല്‍വുഡ്
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ലങ്കക്കായി ഓപ്പണര്‍മാരായ പാതും നിസങ്കയും ധനുഷ്ക ഗുണതിലകയും മോഹിക്കുന്ന തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ തകര്‍ത്തടിച്ച ഇരുവരും ചേര്‍ന്ന് ലങ്കയെ 4.2 ഓവറില്‍ 39 റണ്‍സിലെത്തിച്ചു. ഗുണതിലകയെ വീഴ്ത്തി ഹേസല്‍വുഡാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അസലങ്കയും മോശമാക്കിയില്ല. നിസങ്കക്ക് ഒപ്പം അസലങ്കയും നിലയുറപ്പിച്ചതോടെ 12ാം ഓവറില്‍ ലങ്ക 100 റണ്‍സിലെത്തി.
എന്നാല്‍ ഒരോവറില്‍ കുശാല്‍ മെന്‍ഡിസ്(1), ഭാനുക രജപക്സെ(0),ക്യാപ്റ്റന്‍ ദാസുന്‍ ഷനക(0) എന്നിവരെ ഹേസല്‍വുഡ് വീഴ്ത്തിയതോടെ 100-1ല്‍ നിന്ന് ലങ്ക 103-5ലേക്ക് കൂപ്പുകുത്തി. പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഹസരങ്കയെ(17) സ്റ്റാര്‍ക്ക് മടക്കി. കരുണരത്നെ(1) റണ്ണൗട്ടാവുകയും ചമീരയെ സ്റ്റാര്‍ക്കും തീക്ഷണയെ റിച്ചാര്‍ഡ്സണും വീഴ്ത്തിയതോടെ ലങ്കന്‍ ഇന്നിംഗ്സ് 20 ഓവര്‍ പൂര്‍ത്തിയാക്കാതെ അവസാനിച്ചു. ഓസീസിനായി ഹേസല്‍വുഡ് നാലോവറില്‍ 16 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 26 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
