സിഡ്‌നി: ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി ഈ മാസം അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ആര് ജേതാക്കളാവും എന്ന ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീയും ഈ ചര്‍ച്ചകളില്‍ പങ്കാളിയായിരിക്കുന്നു. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയ കപ്പ് നിലനിര്‍ത്തുമെന്നാണ് ഇതിഹാസ പേസര്‍ പറയുന്നത്. 

ഓസ്‌ട്രേലിയ മികച്ച ടീമാണ്. കപ്പുയര്‍ത്താനുള്ള കരുത്തുണ്ട്. പേസര്‍ ജേ റിച്ചാര്‍ഡ്‌ണ്‍ പരിക്കേറ്റ് പുറത്തായി. എന്നാല്‍ പകരം കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ ടീമിലെത്തിയിട്ടുണ്ട്. എല്ലാ ടീമും ലോകകപ്പിന് മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടും എന്നതിലാണ് കാര്യമെന്നും മുന്‍ ലോകകപ്പ് ജേതാവ് പറഞ്ഞു.

ഇംഗ്ലണ്ടിലേത് ബൗളിംഗ് വിക്കറ്റായിരിക്കുമെന്ന് പൊതുവില്‍ സംസാരമുണ്ട്. എന്നാല്‍ അങ്ങനെയാകണമെന്ന് നിര്‍ബന്ധമില്ല. പുതിയ പന്തില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാകും. എന്നാല്‍ പന്ത് പഴകുന്തോറും ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ബ്രെറ്റ് ലീ പറഞ്ഞു.