ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ഇറങ്ങുക സര്‍പ്രൈസുമായി. വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്കും കൂടുതല്‍ അവസരങ്ങളാണ് ഓസീസ് സെലക്‌ടര്‍മാര്‍ ഒരുക്കുന്നത്.

ഹൈദരാബാദ്: ഇന്ത്യക്കെതിരെ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയന്‍ ടീം ഇറങ്ങുക സര്‍പ്രൈസുമായി. വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ അലക്‌സ് ക്യാരിക്കും കൂടുതല്‍ അവസരങ്ങളാണ് ഓസീസ് സെലക്‌ടര്‍മാര്‍ ഒരുക്കുന്നത്. ടി20യില്‍ ക്യാരിക്ക് അവസരം നല്‍കാത്തതില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരം ഇയാന്‍ ഹീലി നേരത്തെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ടി20യില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം മാക്‌സിക്കായിരുന്നു.

ഹൈദരാബാദില്‍ ശനിയാഴ്‌ച നടക്കുന്ന ആദ്യ ഏകദിനത്തില്‍ ക്യാരിക്ക് അവസരം നല്‍കിയേക്കുമെന്ന് നായകന്‍ ആരോണ്‍ ഫിഞ്ച് സൂചിപ്പിച്ചിട്ടുണ്ട്. മധ്യനിരയിലാവും താരത്തിന് അവസരം നല്‍കുക എന്നാണ് ഫിഞ്ച് പറയുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന് സ്ഥാനക്കയറ്റം നല്‍കുമെന്ന സൂചനയും ഫിഞ്ച് നല്‍കി. ഏത് ബാറ്റിംഗ് പൊസിഷനില്‍ അവസരം നല്‍കുമെന്ന് കൃത്യമായി പറയാനാവില്ല. എന്നാല്‍ ഏഴാം സ്ഥാനത്തിന് മുന്‍പ് ഇറക്കുമെന്ന് ഉറപ്പാണെന്നും ഫിഞ്ച് പറഞ്ഞു.