ഇന്ത്യക്കെതിരായ ടി20 പരമ്പര: കമിന്‍സും സ്റ്റാര്‍ക്കുമില്ല; നായകനായി മാത്യു വെയ്ഡ്
ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

മെല്‍ബണ്‍: ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ലോകകപ്പിന് പിന്നാലെ നടക്കുന്ന പരമ്പരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് അടക്കം പേസ് നിരക്ക് വിശ്രമം അനുവദിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡാണ് ഓസ്ട്രേലിയയെ നയിക്കുന്നത്. ലോകകപ്പില്‍ കളിക്കുന്ന എട്ട് താരങ്ങള്‍ മാത്രമാണ് ടി20 പരമ്പരക്കുള്ള ടീമിലുള്ളത്.
ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍ റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്‌വെല്‍, വെറ്ററന്‍ താരം ഡേവിഡ് വാര്‍ണര്‍ വെടിക്കെട്ട് ബാറ്റര്‍ ട്രാവിസ് ഹെഡ് എന്നിവര്‍ ടീമിലുണ്ട്. സീന്‍ അബോട്ട്, മാത്യു ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്‍സണ്‍, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.
2019ലെ ലോകകപ്പ് സെമിയില്‍ റണ്ണൗട്ടായി പുറത്തായശേഷം പൊട്ടിക്കരഞ്ഞോ, മറുപടി നല്‍കി ധോണി
ലോകകപ്പ് ഫൈനല്‍ നടക്കുന്ന നവംബര്‍ 19ന് തൊട്ട് പിന്നാലെ 23ന് വിശാഖപട്ടണത്താണ് ടി20 പരമ്പരക്ക് തുടക്കമാകുക. രണ്ടാം ടി20- നവംബർ 26ന് തിരുവനന്തപുരത്തും, മൂന്നാം ടി20- നവംബർ 28ന് ഗുവാഹത്തിയിലും നാലാം ടി20 - ഡിസംബർ 1ന് നാഗ്പൂരിലും
അഞ്ചാം ടി20- ഡിസംബർ 3ന് ഹൈദരാബാദിലും നടക്കും.
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീം: മാത്യു വെയ്ഡ് (സി), ജേസൺ ബെഹ്‌റൻഡോർഫ്, സീൻ അബോട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക