അഡ്‌ലെയ്‌ഡ്: ഇന്ത്യ റിഷഭ് പന്തിനെ മറികടന്ന് സീനിയര്‍ താരം വൃദ്ധിമാന്‍ സാഹയെ എന്തിന് ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റില്‍ അന്തിമ ഇലവനിലെടുത്തു. വിക്കറ്റിന് പിന്നിലെ സാഹയുടെ സാങ്കേതിക മിതവാണ് ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടിയിരുന്നത്. പ്രത്യേകിച്ച് പകലും രാത്രിയുമായി നടക്കുന്ന മത്സരമായതിനാല്‍ പിങ്ക് പന്തില്‍ സാഹയാകും മികച്ചത് എന്നായിരുന്നു നിരീക്ഷണം. 

എന്നാല്‍ വിക്കറ്റിന് പിന്നില്‍ പലതവണ അത്ഭുതം കാട്ടിയിട്ടുള്ള സാഹയ്‌ക്ക് പിഴയ്‌ക്കുന്നതാണ് അഡ്‌ലെയ്‌ഡില്‍ കാണുന്നത്. ഇന്ത്യക്ക് വലിയ ഭീഷണിയുയര്‍ത്താന്‍ കെല്‍പുള്ള മാര്‍നസ് ലബുഷെയ്‌നെ പുറത്താക്കാനുള്ള സുവര്‍ണാവസരം സാഹ പാഴാക്കിയത് ഉദാഹരണം. 

ഇന്ത്യയുടെ 244 റണ്‍സ് പിന്തുടരുന്ന ഓസ്‌ട്രേലിയുടെ ആദ്യ ഇന്നിംഗ്‌സിലെ 15-ാം ഓവറില്‍ ബുമ്രയുടെ നാലാം പന്തില്‍ ലബുഷെയ്‌ന്‍ എഡ്‌ജില്‍ കുടുങ്ങി. എന്നാല്‍ വലത്തോട്ട് ഡൈവ് ചെയ്ത സാഹയുടെ ഗ്ലൗവിന് അടിയിലൂടെ പന്ത് ബൗണ്ടറിയിലേക്ക് കടന്നുപോയി. മാത്യൂ വെയ്‌ഡ് പുറത്തായ ശേഷം ക്രീസിലെത്തിയ ലബുഷെയ്‌ന്‍ നേരിട്ട മൂന്നാമത്തെ പന്തിലായിരുന്നു ഇത്. ഈ സമയം അക്കൗണ്ട് തുറന്നിട്ടുമുണ്ടായിരുന്നില്ല ഓസീസ് ബാറ്റ്സ്‌മാന്‍. 

ഇതിന് പിന്നാലെ സാഹയ്‌ക്ക് രൂക്ഷ വിമര്‍ശനമാണ് കേള്‍ക്കേണ്ടിവന്നത്. മോശം വിക്കറ്റ് കീപ്പിംഗാണ് ഇത് എന്നായിരുന്നു കമന്‍റേറ്ററും ഓസീസ് ഇതിഹാസവുമായ റിക്കി പോണ്ടിംഗിന്‍റെ പ്രതികരണം. അഡ്‌ലെയ്ഡില്‍ റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കാത്തതില്‍ ആദ്യദിനം അത്ഭുതം പ്രകടിപ്പിച്ചിരുന്നു പോണ്ടിംഗ്. റിഷഭ് മികച്ച യുവതാരമാണ്. ബാറ്റുകൊണ്ട് എക്‌സ് ഫാക്‌ടറാവാന്‍ കഴിയുന്ന താരമാണയാള്‍. സാഹയോളം മികച്ച കീപ്പറല്ലാത്തതിനാല്‍ ആവാം തഴഞ്ഞത് എന്നായിരുന്നു റിക്കിയുടെ പ്രതികരണം. 

മത്സരത്തില്‍ ലബുഷെയ്‌ന പുറത്താക്കാനുള്ള മൂന്ന് അവസരങ്ങളാണ് ഇന്ത്യ ഇതുവരെ പാഴാക്കിയത്. 18-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയില്‍ ലബുഷെയ്‌നെ ബുമ്ര നിലത്തിട്ടു. ബുമ്ര എറിഞ്ഞ 23-ാം ഓവറില്‍ ലബുഷെയ്‌നെ പൃഥ്വി ഷായും വിട്ടുകളഞ്ഞിരുന്നു. 

പിങ്ക് പന്തില്‍ ബുമ്ര കൊടുങ്കാറ്റാകുന്നു; തട്ടിയും മുട്ടിയും തുടങ്ങിയ ഓസീസ് കടുത്ത സമ്മര്‍ദത്തില്‍