അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായെയും മായങ്ക് അഗര്‍വാളിനെയും ശാസിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. ഇരുവരും പുറത്തായ രീതിയാണ് ഗാവസ്‌കറെ ചൊടിപ്പിച്ചത്. ബാറ്റിനും പാഡിനും ഇടയില്‍ അപകടമാം വിധം വിടവ് സൃഷ്‌ടിക്കുന്നതായി അദേഹം നിരീക്ഷിക്കുന്നു. 

'ഇന്നും അത് ആവര്‍ത്തിച്ചു. എവിടെയാണ് ഷായുടെ ബാറ്റുണ്ടായിരുന്നത് എന്ന് കാണുക. ബാറ്റിനും പാഡിനും ഇടയില്‍ വലിയ വിടവുണ്ടായിരുന്നു. പാഡിന് പരമാവധി അടുത്ത് ബാറ്റ് വരുന്ന രീതിയിലാണ് കളിക്കാനാണ് ശ്രമിക്കേണ്ടത്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ ബാറ്റ് സ്‌പീഡ് കുറവായിരിക്കണം. നിലയുറപ്പിച്ചതിന് ശേഷമേ സ്വസിദ്ധമായ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാവൂ. ഒരു ട്രക്ക് പോകാനുള്ള ഗ്യാപ്പുണ്ടായിരുന്നു മായങ്കിന്‍റെ ബാറ്റിനും പാഡിനുമിടയില്‍. ഇതാണ് ഇന്ത്യന്‍ താരങ്ങള്‍ സൃഷ്‌ടിക്കുന്ന വലിയ പിഴവ് എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

വിമര്‍ശനങ്ങളില്‍ പാഠം പഠിക്കാത്ത പൃഥ്വി ഷാ; അഡ്‌ലെയ്‌ഡിലും പതിവ് ആവര്‍ത്തിച്ചു- വീഡിയോ

അഡ്‌ലെയ്‌ഡിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 32ല്‍ എത്തിയപ്പോഴേക്കും ഇരു ഓപ്പണര്‍മാരും ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയിരുന്നു. പൃഥ്വി ഷാ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഇന്‍സൈഡ് എഡ്‌ജായി ബൗള്‍ഡായി. അതേസമയം 19-ാം ഓവറില്‍ പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ വിക്കറ്റിനും പാഡിനും ഇടയിലെ വിടവിലൂടെ ബൗള്‍ഡാവുകയായിരുന്നു മായങ്ക്. ഷാ പൂജ്യത്തില്‍ വീണപ്പോള്‍ മായങ്കിന്‍റെ കീശയില്‍ 17 റണ്‍സ് മാത്രമാണുണ്ടായിരുന്നത്.  

മൂന്ന് വിക്കറ്റ് വീണു; പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ വിയര്‍ക്കുന്നു