പരിക്കിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നീണ്ട പരിശീലനത്തിനും ചികില്‍സയ്‌ക്കും ശേഷമാണ് ഹിറ്റ്‌മാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തേയും നാലാമത്തേയും മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യ നേടിയത്. പരിചയസമ്പത്ത് തീരെ കുറഞ്ഞ ഇന്ത്യന്‍ ലൈനപ്പില്‍ മുഹമ്മദ് സിറാജാണ് പേസാക്രമണം തുടങ്ങിയത്. എന്നാല്‍ ആദ്യ ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ മടക്കി സിറാജ്. രണ്ടാം സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ പറക്കും ക്യാച്ചിലായിരുന്നു ഇത്. 

ഐപിഎല്ലിനിടെയേറ്റ പരിക്കിന് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നീണ്ട പരിശീലനത്തിനും ചികില്‍സയ്‌ക്കും ശേഷമാണ് ഹിറ്റ്‌മാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. രോഹിത് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട് എന്ന് തെളിയിക്കുന്നതായി ഈ ക്യാച്ച്. സിറാജിന്‍റെ ഗുഡ് ലെങ്ത് പന്തില്‍ വാര്‍ണര്‍ക്ക് പിഴച്ചപ്പോള്‍ എഡ്‌ജായ പന്ത് രണ്ടാം സ്ലിപ്പില്‍ രോഹിത് കൈപ്പിടിയിലൊതുക്കി. അതിസുന്ദരമായിരുന്നു ഈ ക്യാച്ച്. 

Scroll to load tweet…

ഈ പരമ്പരയിലെ ഫോമില്ലായ്‌മ ബ്രിസ്‌ബേനിലെ ആദ്യ ഇന്നിംഗ്‌സിലും തുടരുകയായിരുന്നു ഡേവിഡ് വാര്‍ണര്‍. നാല് പന്തില്‍ ഒരു റണ്‍സ് മാത്രമേ വാര്‍ണര്‍ക്ക് നേടാനായുള്ളൂ. 

മത്സരത്തില്‍ ഇതിനകം മറ്റൊരു ക്യാച്ച് കൂടി രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. അരങ്ങേറ്റക്കാരന്‍ വാഷിംഗ്‌ടണ്‍ സുന്ദറിന്‍റെ പന്തില്‍ ഓസീസ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ സ്‌റ്റീവ് സ്‌മിത്തിനെയാണ് ഷോട് മിഡ് വിക്കറ്റില്‍ രോഹിത് പിടിച്ചത്. ഇതും മനോഹരമായ ക്യാച്ചായിരുന്നു. ബൗളിംഗ് ചേഞ്ചെടുത്ത നായകന്‍ അജിങ്ക്യ രഹാനെയുടെ തന്ത്രം വിജയിക്കുകയായിരുന്നു. 77 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ സഹിതം 36 റണ്‍സാണ് സ്മിത്തിന്‍റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ സ്‌മിത്ത്-ലബുഷെയ്‌ന്‍ സഖ്യം 70 റണ്‍സ് ചേര്‍ത്തു. 

ബ്രിസ്‌ബേനില്‍ കുല്‍ദീപിനെ കളിപ്പിക്കാത്തത് അത്ഭുതപ്പെടുത്തി; തുറന്നുപറഞ്ഞ് അഗാര്‍ക്കര്‍