മെല്‍ബണ്‍: സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കളിക്കുന്നയെന്ന കാര്യം ഇപ്പോഴും അവ്യക്തം. മൂന്നാം ടെസ്റ്റിന് മുമ്പ് 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെക്കാനാകുമോയെന്ന കാര്യം വളരെ സംശയമാണ് എന്ന് വാര്‍ണര്‍ തന്നെ വ്യക്തമാക്കിയതോടെയാണിത്. ശനിയാഴ്‌ചയും ഞായറാഴ്ചയും നടക്കുന്ന പരിശീലനത്തിന് ശേഷമേ വാര്‍ണര്‍ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകൂ. 

'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ഓടിയിട്ടില്ല. ശനിയാഴ്‌ചയും ഞായറാഴ്ചയും നടക്കുന്ന പരിശീലന സെഷനുകള്‍ക്ക് ശേഷം സിഡ്‌നിയില്‍ കളിക്കുമോ എന്ന് കൂടുതല്‍ പറയാനാകും. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കുമോ? വളരെ സംശയാണ്. എന്നാല്‍ മൈതാനത്തിറങ്ങാനുള്ള എല്ലാ കഠിന പരിശ്രമങ്ങളും നടത്തുന്നുണ്ട്' എന്നും വാര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

പൂര്‍ണ ഫിറ്റല്ലെങ്കിലും കളിപ്പിക്കുമെന്ന് സഹപരിശീലകന്‍

100 ശതമാനം ഫിറ്റല്ലെങ്കില്‍ കൂടിയും വാര്‍ണറെ സിഡ്‌നി ടെസ്റ്റില്‍ കളിപ്പിക്കുമെന്ന് ഓസീസ് സഹപരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. '90-95 ശതമാനം ഫിറ്റാണ് എങ്കില്‍ വാര്‍ണറെ ഇറക്കും. കളിക്കാന്‍ പ്രാപ്തനാണോ എന്നത് മാത്രമാണ് പരിഗണിക്കുക. വാര്‍ണര്‍ കളിക്കുന്നത് സംബന്ധിച്ച് ഞായറാഴ്‌ചയോ തിങ്കളാഴ്‌ചയോ വ്യക്തമായ സൂചനയുണ്ടാകും' എന്നും ആന്‍ഡ്രൂ പറഞ്ഞിരുന്നു. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡില്‍ ഡേവിഡ് വാര്‍ണറെയും യുവതാരം വില്‍ പുക്കോവ്‌സ്‌കിയെയും ഉള്‍പ്പെടുത്തിയതായി നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. വാര്‍ണര്‍ അതിവേഗം ഫിറ്റ്നസ് വീണ്ടെടുക്കുന്നു എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്ന് വ്യക്തമാക്കിയതാണ്. അതേസമയം ആദ്യ രണ്ട് ടെസ്റ്റുകളിലും മികവ് കാട്ടാന്‍ കഴിയാതെ പോയ ജോ ബേണ്‍സിനെയാണ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. 

സിഡ്‌നി ടെസ്റ്റ് ഇരു ടീമിനും നിര്‍ണായകം 

ആദ്യ രണ്ട് ടെസ്റ്റിലും ഓപ്പണിംഗില്‍ വന്‍ പാളിച്ചകള്‍ നേരിട്ട ഓസ്‌ട്രേലിയക്ക് വാര്‍ണറുടെ തിരിച്ചുവരവ് കരുത്തേകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് ഇരു ടീമുകളും തുല്യത പാലിക്കുകയാണ്. സിഡ്‌നിയില്‍ ഏഴാം തിയതി മുതലാണ് മൂന്നാം ടെസ്റ്റ്. സിഡ്‌നിയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇരു ടീമുകളും ഇപ്പോഴും രണ്ടാം ടെസ്റ്റിന് വേദിയായ മെല്‍ബണില്‍ തുടരുകയാണ്. 

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ? രോഹിത്തടക്കം നാല് ഇന്ത്യന്‍ താരങ്ങള്‍ വിവാദത്തില്‍