അഡ്‌ലെയ്‌ഡ്: പാകിസ്ഥാനെതിരായ ഡേ-നൈറ്റ് ടെസ്റ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇരട്ട സെഞ്ചുറി. വാര്‍ണറുടെ രണ്ടാം ടെസ്റ്റ് ഡബിളാണിത്. 260 പന്തില്‍ നിന്നാണ് ഓസീസ് ഓപ്പണര്‍ 200 തികച്ചത്. രണ്ടാം ദിവസം ആദ്യ സെഷന്‍ പുരോഗമിക്കവെ രണ്ട് വിക്കറ്റിന് 417-2 എന്ന സ്‌കോറിലാണ് ഓസീസ്. വാര്‍ണര്‍ക്കൊപ്പം(227*) സ്റ്റീവ് സ്‌മിത്താണ്(13*) ക്രീസില്‍. 

ഒരു വിക്കറ്റിന് 302 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ലാബുഷാ‌ഗ്‌നെയാണ് ഇന്ന് നഷ്ടമായത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ ലാബുഷ്‌ഗാ‌നെ 238 പന്തില്‍ 162 റണ്‍സെടുത്തു. ഷഹീന്‍ അഫ്രിദിക്കാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 361 റണ്‍സിന്‍റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് വാര്‍ണര്‍- ലാബുഷാ‌ഗ്‌നെ സഖ്യം കൂട്ടിച്ചേര്‍ത്തത്. പകല്‍-രാത്രി ടെസ്റ്റില്‍ ഏതൊരു വിക്കറ്റിലെയും അഡ്‌ലെയ്‌ഡിലെയും ഉയര്‍ന്ന കൂട്ടുകെട്ടാണിത്. 

രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സെത്തിയപ്പോഴേക്കും ബേണ്‍സിനെ നഷ്ടമായെങ്കിലും പാകിസ്ഥാന്റെ ആഘോഷം അവിടെ തീര്‍ന്നു. ടെസ്റ്റ് കരിയറിലെ 23-ാം സെഞ്ചുറി തികച്ച വാര്‍ണര്‍ ആഷസിലെ നാണംകെട്ട പ്രകടനം മായ്ച്ചുകളഞ്ഞാണ് കുതിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി വഴങ്ങി പാകിസ്ഥാന് പരമ്പരയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്.