ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 276 റൺസിന് തകർത്ത് ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയിൽ അശ്വാസജയം നേടി.
കെയ്ൻസ്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 276 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ അശ്വാസജയം നേടി. മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റൻ മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 24.5 ഓവറില്‍ 155 റണ്‍സിന് ഓള്‍ ഔട്ടായി. 28 പന്തില്‍ 49 റണ്‍സടിച്ച ഡെവാള്‍ഡ് ബ്രെവിസും 30 പന്തില്‍ 33 റണ്‍സടിച്ച ടോണി ഡി സോര്‍സിയും മാത്രമാണ് ദക്ഷിണാഫ്രിക്കക്കായി പൊരുതിയത്. 2006ല്‍ ജൊഹാനസ്ബര്‍ഗില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 434 റണ്‍സിന്‍റെ റെക്കോര്‍ഡ് സ്കോര്‍ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്ന് ജയിച്ച് ചരിത്രം സൃഷ്ടിച്ചതുപോലെ ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയാണ് ഓസീസ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.
ഏയ്ഡന്‍ മാര്‍ക്രം(2), റിയാന്‍ റിക്കിള്‍ടണ്‍(11), ക്യാപ്റ്റൻ ടെംബാ ബാവുമ(19), ട്രിസ്റ്റൻ സ്റ്റബസ്(1), വിയാന്‍ മുള്‍ഡര്‍(5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓസീസിനായി കൂപ്പര്‍ കൊണോലി 22 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത് മൈക്കല്‍ ക്ലാര്‍ക്കിനുശേഷം ഓസ്ട്രേലിയക്കായി ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയന്‍ സ്പിന്നറായി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ പരമ്പര നേടിയിരുന്നു. ഇന്ന് നേടിയ 276 റണ്‍സ് ജയം ഓസ്ട്രേലിയയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെയും റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏറ്റവും വലിയ ജയവുമാണിത്.
ദക്ഷിണാഫ്രിക്കയുടെ ഏകദിന ചരിത്രത്തിൽ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ തോല്‍വിയാണിത്. 2023ല്‍ ഇന്ത്യക്കെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 243 റണ്‍സിന് തോറ്റതായിരുന്നു റൺസുകളുടെ അടിസ്ഥാനത്തില്‍ ഇതിന് മുമ്പത്തെ ഏറ്റവും വലിയ തോല്‍വി. ജയിച്ചെങ്കിലും അവസാന അഞ്ച് ഏകദിന പരമ്പരകളിലും ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടാനായില്ലെന്ന റെക്കോര്‍ഡ് തിരുത്താൻ ഓസ്ട്രേലിയക്ക് ഇത്തവണയുമായില്ല.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹെഡ് 103 പന്തില്‍ 142 റണ്‍സടിച്ചപ്പോള്‍ മിച്ചല്‍ മാര്‍ഷ് 106 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായി. 55 പന്തില്‍ 118 റണ്‍സടിച്ച് കന്നി ഏകദിന സെഞ്ചുറി നേടിയ ഗ്രീന്‍ ഓസീസ് താരത്തിന്‍റെ വേഗമേറിയ രണ്ടാമത്തെ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തമാക്കി.
118 റണ്‍സെടുത്ത ഗ്രീനിനൊപ്പം 50 റണ്‍സുമായി അലക്സ് ക്യാരിയും പുറത്താകാതെ നിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ട്രാവിസ് ഹെഡ്-മിച്ചല്‍ മാര്‍ഷ് സഖ്യം 34.1 ഓവറില്‍ 250 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. പിന്നാലെ സെഞ്ചുറി പൂര്‍ത്തിയാക്കിയ മാര്‍ഷും മടങ്ങിയെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 82 പന്തില്‍ 164 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ഗ്രീനും ക്യാരിയും ചേര്‍ന്ന് ഓസീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ഗ്രീന്‍ എട്ട് സിക്സും ആറ് ഫോറും പറത്തിയപ്പോള്‍ ട്രാവിസ് ഹെഡ് 17 ഫോറും അഞ്ച് സിക്സും പറത്തിയാണ് 103 പന്തില്‍ 142 റണ്‍സടിച്ചത്. മിച്ചല്‍ മാര്‍ഷ് ആറ് ഫോറും അഞ്ച് സിക്സും പറത്തിയാണ് 100 റണ്‍സടിച്ചത്.
ഏകദിനങ്ങളില്‍ ഓസ്ട്രേലിയയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. 47 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി തികച്ച ഗ്രീന്‍ ഓസ്ട്രേലിയക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയെന്ന റെക്കോര്‍ഡും അടിച്ചെടുത്തു. 40 പന്തില്‍ സെഞ്ചുറി അടിച്ച ഗ്ലെന്‍ മാക്സവെല്ലാണ് വേഗമേറിയ ഏകദിന സെഞ്ചുറി നേടി ഓസീസ് താരം. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര നേടിയിരുന്നു.
