രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ നിർണായകമായ 218 റൺസിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ് നേടി

ലണ്ടൻ: അക്ഷരാർത്ഥത്തിൽ ബൗളർമാരുടെ പറുദീസയായി മാറിയ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം അത്യന്ത്യം ആവേശത്തിലേക്ക്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ നിർണായകമായ 218 റൺസിന്‍റെ രണ്ടാം ഇന്നിംഗ്സ് ലീഡ് നേടി. ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 73 എന്ന നിലയിൽ തകർന്ന കംഗാരുക്കളുടെ രണ്ടാം ഇന്നിംഗ്സിൽ അലക്സ് ക്യാരിയും മിച്ചൽ സ്റ്റാർക്കുമാണ് രക്ഷകരായി അവതരിച്ചത്. 61 റൺസിന്‍റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ ചാമ്പ്യൻമാരെ 218 റൺസിന്‍റെ ലീഡിലേക്ക് നയിച്ചത്. ക്യാരി 43 റൺസ് നേടി പുറത്തായപ്പോൾ സ്റ്റാർക്ക് 16 റൺസുമായി ക്രീസിലുണ്ട്. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ 8 വിക്കറ്റിന് 144 എന്ന നിലയിലാണ്. 1 റൺസ് നേടി ലിയോണാണ് സ്റ്റാർക്കിന് കൂട്ടായി ക്രീസിലുള്ളത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയെ 212 ന് ഒതുക്കിയ ദക്ഷിണാഫ്രിക്ക അതിലും മോശം അവസ്ഥയിലാണ് കൂടാരം കയറിയത്. കമ്മിൻസിന്‍റെ നേതൃത്വത്തിൽ ഓസീസ് പേസ‍ർമാർ തീമഴ പെയ്യിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 138 ൽ ഒതുങ്ങി. നായകൻ പാറ്റ് കമ്മിൻസാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. കമ്മിൻസ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ 45 റൺസ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റണസ് നേടിയ നായകൻ ടെംബാ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്. 36 റണ്‍സെടുത്ത ബാവുമയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. 43-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ ഓസീസ് പേസാക്രമണത്തെ അതിജീവിച്ച ബാവുമയും ബെഡിങ്ഹാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ഓസീസിന് ഭീഷണിയാവുമ്പോഴാണ് ബാവുമയെ കമിന്‍സ് വീഴ്ത്തിയത്. കമിന്‍സിന്‍റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച ബാവുമയെ മാര്‍നസ് ലാബുഷെയ്ൻ ഷോര്‍ട്ട് കവറില്‍ പറന്നു പിടിക്കുകയായിരുന്നു. 94 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കൻ സ്കോര്‍. ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ബാവുമയെ മടക്കിയത്. പിന്നാലെ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കും തീപാറും പേസിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 22 റൺസ് നേടിയ ലാബുഷെയ്നും 13 റൺസ് നേടിയ സ്മിത്തും മാത്രമാണ് ആദ്യ ഏഴ് വിക്കറ്റ് വീഴുന്നതുവരെ രണ്ടക്കം കണ്ടത്. പിന്നീടാണ് അലക്സ് ക്യാരിയും സ്റ്റാർക്കും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി ലീഡ് 218 ൽ എത്തിച്ചത്. കഗിസോ റബാഡയും ലുങ്കി എൻഗിഡിയും 3 വിക്കറ്റുകൾ വീതം നേടിയിട്ടുണ്ട്. ഇന്നലെ ടോസ് നഷ്ടമായി ആദ്യ ഇന്നിംഗിസിനിറങ്ങിയ ഓസ്ട്രേലിയ 212 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ ആദ്യ ഇന്നിംഗ്സിൽ എറിഞ്ഞിട്ടത്.