കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്‍റി 20 പരമ്പരയിൽ ഓസ്‌ട്രേലിയ ജേതാക്കള്‍(2-1). പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിന് ഓസീസ് ജയം സ്വന്തമാക്കി. വിജയലക്ഷ്യമായ 194 റൺസ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 96 റൺസിന് പുറത്താവുകയായിരുന്നു. സ്‌കോര്‍: ഓസീസ്-193-5 (20), ദക്ഷിണാഫ്രിക്ക-96-10 (15.3)

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്‍റണ്‍ ഡി കോക്കും ഫാഫ് ഡുപ്ലെസിയും അഞ്ച് റൺസിന് പുറത്തായി. 24 റണ്‍സെടുത്ത വാന്‍ ഡെര്‍ ഡസനും 22 റണ്‍സെടുത്ത ഹെന്‍‌‌റിച്ച് ക്ലാസനും 15 റണ്‍സെടുത്ത ഡേവിഡ് മില്ലറും 11 റണ്‍സെടുത്ത ഡ്വെയ്‌ന്‍ പ്രിറ്റോറിയസും മാത്രമാണ് രണ്ടക്കം കണ്ടത്. ഓസീസിനായി പേസര്‍ മിച്ചൽ സ്റ്റാര്‍ക്കും സ്‌പിന്നര്‍ ആഷ്‌ടൺ ആഗറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിന് 193 റൺസ് നേടി. നായകന്‍ ആരോൺ ഫിഞ്ച് 55ഉം ഡേവിഡ് വാര്‍ണര്‍ 57ഉം സ്റ്റീവ് സ്‌മിത്ത് 15 പന്തില്‍ 30ഉം റൺസെടുത്തു. ഒന്നാം വിക്കറ്റില്‍ വാര്‍ണറും ഫിഞ്ചും 11.3 ഓവറില്‍ 120 റണ്‍സ് ചേര്‍ത്തു. മാത്യു വെയ്‌ഡും(10), മിച്ചല്‍ മാര്‍ഷും(19), അലക്‌സ് ക്യാരിയും(7) വേഗം മടങ്ങി. റബാഡ, നോര്‍ജെ, എന്‍ഗിഡി, പ്രിറ്റോറിയസ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 

പന്ത് ചുരണ്ടല്‍ വിവാദത്തിന് വേദിയായ കേപ്‌ടൗണിലേക്കുള്ള തിരിച്ചുവരവില്‍ തിളങ്ങിയത് വാര്‍ണറിനും സ്‌മിത്തിനും ആശ്വാസമായി. മിച്ചൽ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ 107 റൺസിന്‍റെ റെക്കോര്‍ഡ് ജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ട്വന്‍റി 20യിൽ ദക്ഷിണാഫ്രിക്ക 12 റൺസിന് ജയിച്ചിരുന്നു. ആരോണ്‍ ഫിഞ്ചാണ് പരമ്പരയിലെ താരം.