Asianet News MalayalamAsianet News Malayalam

വിശാഖപട്ടണത്ത് ഇന്ത്യക്ക് നാണംകെട്ട തോല്‍വി; 11 ഓവറില്‍ ലക്ഷ്യം മറികടന്ന് ഓസ്‌ട്രേലിയ

ചെറിയ വിജയലക്ഷ്യം പെട്ടന്ന് മറികടക്കാനുള്ള തീരുമാനത്തിലായിരുന്നു ഓസീസ്. ഷമി മൂന്ന് ഓവറില്‍ 29 റണ്‍സും മുഹമ്മദ് സിറാജ് 37 റണ്‍സും വിട്ടുകൊടുത്തു.

Australia won by ten wickets in second odi vs India in Visakhapatnam saa
Author
First Published Mar 19, 2023, 5:33 PM IST

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. വിശാഖപട്ടണം, വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് പുറത്തായി. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി. നിര്‍ണായകമായ ഏകദിനം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും.

ചെറിയ വിജയലക്ഷ്യം പെട്ടന്ന് മറികടക്കാനുള്ള തീരുമാനത്തിലായിരുന്നു ഓസീസ്. ഷമി മൂന്ന് ഓവറില്‍ 29 റണ്‍സും മുഹമ്മദ് സിറാജ് 37 റണ്‍സും വിട്ടുകൊടുത്തു. ഹര്‍ദിക് പാണ്ഡ്യയുടെ ഒരോവറില്‍ മാര്‍ഷ് മൂന്ന് സിക്‌സ് നേടി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. ഹെഡ് 11 ഫോര്‍ നേടി.

നേരത്തെ, അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തീപ്പൊരി ബൗളിംഗ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്. അക്‌സര്‍ പട്ടേലിന്റെ അവസാന നിമിഷത്തെ ചെറുത്ത് നില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്‌സറിനെ കൂടാതെ 31 റണ്‍സെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ സാധിച്ചുള്ളൂ. ടോസിലെ  നഷ്ടത്തിന് പിന്നാലെ ഇന്ത്യക്ക് ആദ്യ ഓവറില്‍ വിക്കറ്റും നഷ്ടമായി. മികച്ച ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പോയന്റില്‍ ലാബുഷെയ്‌നിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. 

അക്കൗണ്ട് തുറക്കും മുമ്പായിരുന്നു ഗില്‍ വീണത്. പിന്നീട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് സ്റ്റാര്‍ക്കിനെയും ഗ്രീനിനെയും അനാസായം നേരിട്ടതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. നാലോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സിലെത്തിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിലാണ് ഇരുട്ടടിയേറ്റത്. ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച രോഹിത്തിന് പിഴച്ചു. സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ തകര്‍പ്പന്‍ ക്യാച്ച്.

തൊട്ടടുത്ത പന്തില്‍ ആദ്യ മത്സരത്തിന്റെ തനിയാവര്‍ത്തനമായി സൂര്യകുമാര്‍ യാദവ് സ്റ്റാര്‍ക്കിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്ത്. തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഞെട്ടി. കെ എല്‍ രാഹുല്‍ സ്റ്റാര്‍ക്കിന് ഹാട്രിക്ക് നിഷേധിച്ചെങ്കിലും ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഒമ്പതാം ഓവറില്‍ രാഹുലിനെയും(9) സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. പത്താം ഓവറിലെ രണ്ടാം പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ(1) സ്ലിപ്പില്‍ സ്മിത്ത് പറന്നു പിടിച്ചതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു.

വിരാട് കോലി-രവീന്ദ്ര ജഡേജ ബാറ്റിംഗ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും കോലിയെ(31) വിക്കറ്റിന് മുന്നില്‍ കുടുക്കിയ നഥാന്‍ എല്ലിസ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയ്ക്കും അധിക നേരം ഓസീസ് ആക്രമണത്തെ പ്രതിരോധിക്കാനായില്ല. അക്‌സര്‍ ഒരറ്റത്ത് ശ്രമിച്ച് നോക്കിയെങ്കിലും വാലറ്റത്തിനും ഒന്നും ചെയ്യാന്‍ സാധിക്കാതെ ആയതോടെ ഇന്ത്യന്‍ പോരാട്ടം 117 റണ്‍സില്‍ അവസാനിച്ചു. സ്റ്റാര്‍ക്കിനെ കൂടാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സീന്‍ അബോട്ടും രണ്ട് വിക്കറ്റുകള്‍ നേടിയ നഥാന്‍ എല്ലിസും ഓസീസ് നിരയില്‍ തിളങ്ങി. 

അസാധ്യം, അപാരം, പാണ്ഡ്യയെ പറന്നുപിടിച്ച് സ്റ്റീവ് സ്മിത്ത്; വണ്ടര്‍ ക്യാച്ചില്‍ കണ്ണുതള്ളി ആരാധകര്‍-വീഡിയോ

Follow Us:
Download App:
  • android
  • ios