ഗ്രീന്‍, ഇന്‍ഗ്ലിസ്, മാക്‌സ്‌വെല്‍ എന്നിവരുടെ മികച്ച പ്രകടനമാണ് ഓസീസിന്റെ വിജയത്തിന് പിന്നില്‍.

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ നാലാം ജയം. മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. 31 റണ്‍സ് നേടിയ ഷെഫാനെ റുതര്‍ഫോര്‍ഡാണ് ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി ആഡം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോഷ് ഇന്‍ഗ്ലിസ് (51), കാമറൂണ്‍ ഗ്രീന്‍ (55), ഗ്ലെന്‍ മാക്‌സ്‌വെല്‍ (47) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ജെഡിയ ബ്ലേഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ഓസീസിന് മോശം തുടക്കമായിരുന്നു. രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ (0) വിക്കറ്റ് ഓസീസിന് നഷ്ടമായി. ബ്ലേഡ്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നീട് മാക്‌സ്‌വെല്‍ - ഇന്‍ഗ്ലിസ് സഖ്യം 66 റണ്‍സ് കൂട്ടിചേര്‍ത്തു. പവര്‍ പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. ഇന്‍ഗ്ലിസിനെ റൊമാരിയോ ഷെഫേര്‍ഡ് പുറത്താക്കി. 30 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 10 ഫോറും നേടി. തുടര്‍ന്ന് ഗ്രീനിനൊപ്പം ചേര്‍ന്ന മാക്‌സ്‌വെല്‍ 63 റണ്‍സും കൂട്ടിചേര്‍ത്തു. 11-ാം ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡിന് വിക്കറ്റ് നല്‍കി മാക്‌സ്‌വെല്‍ മടങ്ങി. 18 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും ഒരു ഫോറുമാണ് പായിച്ചത്.

തുടര്‍ന്നെത്തിയ മിച്ചല്‍ ഓവന്‍ (2), കൂപ്പര്‍ കൊന്നോലി (0), ആരോണ്‍ ഹാര്‍ഡി (23), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (9) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ഗ്രീന്‍ ഒരറ്റത്ത് പിടിച്ചുനിന്നതോടെ ഓസീസ് നാലാം ജയം സ്വന്തമാക്കി. നേരത്തെ, വിന്‍ഡീസ് ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് പോലും അര്‍ധ സെഞ്ചുറി നേടാന്‍ സാധിച്ചിരുന്നില്ല. റുതര്‍ഫോര്‍ഡിന് പുറമെ റോവ്മാന്‍ പവല്‍ (28), ഷെഫേര്‍ഡ് (28), ജേസണ്‍ ഹോള്‍ഡര്‍ (26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരങ്ങള്‍. ബ്രന്‍ഡന്‍ കിംഗ് (18), ഷായ് ഹോപ്പ് (10), റോസ്റ്റണ്‍ ചേസ് (0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (16), മാത്യൂ ഫോര്‍ഡെ (15) എന്നിവരുടെ വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. അകെയ്ല്‍ (16), ബ്ലേഡ്‌സ് (3) എന്നിവരും പുറത്താവാതെ നിന്നു.

ആദ്യ മൂന്ന് ടി20യും ജയിച്ച് ഓസ്‌ട്രേലിയ നേരത്തെ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. നാളെയാണ് അവസാന ടി20. ആശ്വാസ ജയത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ഓസീസ് പരമ്പര തൂത്തുവാരാനും.

YouTube video player