അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായാണ് രണ്ടാം ടെസ്റ്റിനുശേഷം കമിന്‍സ് അടിയന്തരമായി നാട്ടിലേക്ക് തിരിച്ചത്.

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നിന് ആംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് തിരിച്ചെത്തില്ല. ഈ സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താകും ഇന്‍ഡോറില്‍ ഓസ്ട്രേലിയയെ നയിക്കുക.

അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായാണ് രണ്ടാം ടെസ്റ്റിനുശേഷം കമിന്‍സ് അടിയന്തരമായി നാട്ടിലേക്ക് തിരിച്ചത്. അമ്മ പാലിയേറ്റീവ് കെയറിലാണെന്നും ഈ സമയം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ താല്‍പര്യപെടുന്നതെന്നും കമിന്‍സ് വ്യക്തമാക്കി. ക്രിക്കറ്റ് ഓസ്ട്രേലിയയും ആരാധകരും നല്‍കുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും കമിന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

Scroll to load tweet…

നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഓസ്ട്രേലിയ പരമ്പരയില്‍ 0-2ന് പിന്നിലാണ്. നേരത്തെ രണ്ടാം ടെസ്റ്റിന് പിന്നാലെ പരിക്കേറ്റ ഡേവി‍ഡ് വാര്‍ണറും ജോഷ് ഹേസല്‍വുഡും ഓസ്ട്രേലിയയിലേക്ക് മടങ്ങിയിരുന്നു. ടീമില്‍ ഇടം ലഭിക്കാതിരുന്ന ഇടം കൈയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗറും ഷെഫീല്‍ഡ് ഷീല്‍ഡിലും മാര്‍ഷ് കപ്പിലും കളിക്കാനായി ഓസ്ട്രേലിയില്‍ തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് കമിന്‍സിനെകൂടി ഓസീസിന് നഷ്ടമാവുന്നത്.

നാഗ്പൂര്‍, ദില്ലി പിച്ചുകള്‍ക്ക് മാര്‍ക്കിട്ട് ഐസിസി; ഇന്ത്യക്ക് ആശ്വാസം

കമിന്‍സിന്‍റെ അഭാവത്തില്‍ മൂന്നാം ടെസ്റ്റില്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്ട്രേലിയന്‍ നിരയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റിലും സ്റ്റാര്‍ക്ക് കളിച്ചിരുന്നില്ല. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കായി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ നായകനായ സ്റ്റീവ് സ്മിത്തിന് രണ്ട് വര്‍ഷത്തെ ക്യാപ്റ്റന്‍സി വിലക്ക് നേരിട്ടിരുന്നു. പിന്നീട് കമിന്‍സിന് കീഴില്‍ ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റനായ സ്മിത്ത് കമിന്‍സിന്‍റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയും ആഷസില്‍ ഇംഗ്ലണ്ടിനെതിരെയും ഓരോ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ താല്‍ക്കാലിക നായകനായി ടീമിനെ നയിച്ചിട്ടുണ്ട്.