Asianet News MalayalamAsianet News Malayalam

അശ്വിനെ പൂട്ടാന്‍ ഡ്യൂപ്പിനെ ഇറക്കി സ്‌മിത്തിന്‍റെ പരിശീലനം; അശ്വിനെ ഇങ്ങനെ പേടിക്കല്ലേ എന്ന് ആരാധകര്‍

സ്റ്റീവ് സ്‌മിത്ത് അടക്കമുള്ള ഓസീസ് വമ്പന്‍മാര്‍ ബെംഗളൂരുവില്‍ മഹേഷ് പിതിയയുടെ പന്തുകള്‍ നേരിട്ട് പരിശീലിക്കുകയാണ്

Australian Cricket Team and Steven Smith roped Mahesh Pithiya to tackle Ravichandran Ashwin ahead Border Gavaskar Trophy jje
Author
First Published Feb 3, 2023, 3:28 PM IST

ബെംഗളൂരു: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ബെംഗലൂരുവില്‍ പരിശീലനത്തിലാണ്. ആറ് ദിവസത്തെ ക്യാംപാണ് ഓസീസിന് ബെംഗളൂരുവിലുള്ളത്. ഓസീസിന് മുന്‍ പരമ്പരകളില്‍ ഏറ്റവും ഭീഷണിയുയര്‍ത്തിയ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ പൂട്ടാന്‍ ബറോഡ സ്‌പിന്നര്‍ മഹേഷ് പിതിയയെ നെറ്റ്‌സില്‍ ഇറക്കിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ടീം. മുമ്പ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവന്‍ സ്‌മിത്തിനടക്കം വലിയ വെല്ലുവിളി ഉയര്‍ത്തിയ സ്‌പിന്നറാണ് ആര്‍ അശ്വിന്‍. 

സ്റ്റീവ് സ്‌മിത്ത് അടക്കമുള്ള ഓസീസ് വമ്പന്‍മാര്‍ ബെംഗളൂരുവില്‍ മഹേഷ് പിതിയയുടെ പന്തുകള്‍ നേരിട്ട് പരിശീലിക്കുകയാണ്. പിതിയയുടെ ബൗളിംഗ് ഇതിനകം ഓസീസ് സ്റ്റാര്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. അശ്വിന്‍റെ ബൗളിംഗുമായി ഏറെ സാമ്യതയുണ്ട് മഹേഷ് പിതിയയുടെ പന്തുകള്‍ക്ക്. ഓസീസ് ബാറ്റര്‍ മാത്യൂ റെന്‍ഷോയും മഹേഷിന്‍റെ പന്തുകള്‍ നേരിട്ടു. റെന്‍ഷോയുടെ പരിശീലനം നിര്‍ത്തിവെപ്പിച്ചായിരുന്നു സ്‌മിത്ത് നെറ്റ്‌സിലേക്ക് ഇറങ്ങിയത്. ഇന്‍സ്റ്റഗ്രാമിലടക്കം പിതിയയുടെ ബൗളിംഗ് കണ്ട് ആകൃഷ്‌ടരാണ് ഓസീസ് കോച്ചിംഗ് സ്റ്റാഫ്. രഞ്ജി ട്രോഫി കഴിഞ്ഞയുടനെ ഓസീസ് ക്യാംപിനൊപ്പം ചേരാന്‍ പിതിയയോട് ആവശ്യപ്പെടുകയായിരുന്നു. പിതിയയുടെ പന്തുകള്‍ നേരിട്ട സ്‌മിത്ത് അല്‍പം പാടുപെട്ടു എന്നാണ് റിപ്പോര്‍ട്ട്. ചില പന്തുകള്‍ മിസാക്കിയ താരം ബൗള്‍ഡാവുകയും ചെയ്തു. എന്നാല്‍ ശക്തനായി തിരിച്ചെത്തിയ സ്‌മിത്ത് കവര്‍ ഡ്രൈവുകളുമായി പിതിയയെ നേരിട്ടു. 

ജുനഗഢില്‍ നിന്നുള്ള ഓഫ് സ്‌പിന്നറായ മഹേഷ് പിതിയ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം കാരണം ബറോഡയിലേക്ക് ചേക്കേറുകയായിരുന്നു. 2013ല്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ അശ്വിന്‍റെ ബൗളിംഗ് കണ്ട് ആകൃഷ്‌ടനായ താരം അശ്വിനെ അനുകരിച്ച് പന്തെറിയാന്‍ തുടങ്ങുകയായിരുന്നു. അശ്വിനെ കൂടാതെ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും ഓസീസിന് വലിയ ഭീഷണിയാകാന്‍ ഇടയുണ്ട്. അതിനാല്‍ ഇവരുടെ പന്തുകള്‍ അതിജീവിക്കാന്‍ ശശാങ്ക് മെഹ്‌റോത്രയെയും ഓസീസ് പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജഡേജ-അക്‌സര്‍ എന്നിവരുടെ ബൗളിംഗുമായി ശശാങ്കിന് സാമ്യതകളുണ്ട്. ശശാങ്കിന്‍റെ പന്തുകള്‍ മാര്‍നസ് ലബുഷെയ്ന്‍, അലക്‌സ് ക്യാരി, റെന്‍ഷോ എന്നിവര്‍ നേരിട്ടതായാണ് റിപ്പോര്‍ട്ട്. 

ഓസീസിന് കനത്ത തിരിച്ചടി; നാഗ്‌പൂരില്‍ സൂപ്പര്‍ താരം കളിക്കില്ലെന്ന് സൂചിപ്പിച്ച് കമ്മിന്‍സ്

Follow Us:
Download App:
  • android
  • ios