സിഡ്‌നി: ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണെ കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയനാക്കി എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിന്‍റെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. 

ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തിയ താരത്തെ തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയ്‌ക്കാണ് ക്വാറന്‍റൈന്‍ ചെയ്‌തത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ റിച്ചാര്‍ഡ്‌സണ് കളിക്കുന്നില്ല. താരത്തിന് പകരം സീന്‍ അബോട്ടിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Read more: ആഴ്‌സനല്‍ പരിശീലകനും ചെല്‍സി താരത്തിനും കൊവിഡ് 19; പ്രീമിയര്‍ ലീഗില്‍ അടിയന്തര യോഗം

തൊണ്ടയിലെ അണുബാധക്ക് താരത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മെഡിക്കല്‍ സംഘം ചികിത്സിക്കുന്നുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ മുന്‍കരുതല്‍ നിര്‍ദേശപ്രകാരം താരത്തെ മറ്റുള്ളവരില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മറ്റൊരു രാജ്യത്തുനിന്ന് എത്തിയതാണ് കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വക്‌താവ് കൂട്ടിച്ചേര്‍ത്തു. 

പരിശോധനാഫലങ്ങള്‍ പുറത്തുവരുന്ന മുറയ്‌ക്കും രോഗമുക്തനാകുന്നത് അനുസരിച്ചും റിച്ചാര്‍ഡ്‌സണ്‍ ടീമില്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും വക്‌താവ് പറഞ്ഞു. കൊവിഡ് 19ന്‍റെ പശ്‌ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പര നടക്കുക എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ ആദ്യ ഏകദിനം പുരോഗമിക്കുകയാണ്. 

Read more: കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക