സിഡ്നി: വംശീയാധിക്ഷേപങ്ങള്‍ക്കും വര്‍ണവെറിക്കും എതിരായ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഓസീസ് ക്രിക്കറ്റ് ടീം തീരുമാനിച്ചു. ഈ മാസം 27ന് ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിന് മുന്‍പ് ആകും താരങ്ങള്‍ നഗ്നപാദരായി നിന്ന് ഐകൃദാര്‍ഢ്യം അറിയിക്കുക.

ഓസീസ് ഏകദിന ടീം നായകന്‍ ആരോൺ ഫിഞ്ച്, വൈസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരുടെ നേതൃത്വത്തിൽ ഓസീസ് താരങ്ങള്‍ക്കിടിയൽ നടന്ന സംവാദത്തിനൊടുവിലാണ് തീരുമാനത്തിലെത്തിയത്. എന്നാൽ മുട്ടുകുത്തി നിന്ന് പിന്തുണ അറിയിക്കണോ എന്ന കാര്യം ഓരോ കളിക്കാരനും വ്യക്തിപരമായി തീരുമാനിക്കാമെന്നും പാറ്റ് കമിന്‍സ് വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് മുന്‍പ് ഓസീസ് വനിതാ താരങ്ങള്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതേ മാതൃക പിന്തുടര്‍ന്നാണ് പുരുഷ താരങ്ങളും ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണയുമായി എത്തുന്നത്.

സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ വംശീയാധിക്ഷേപങ്ങള്‍ക്ക് പിന്തുണ അറിയിച്ച് മുന്നോട്ടുവരാന്‍ തയാറാകാതിരുന്ന ഓസീസ് താരങ്ങളുടെ നടപടിയെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ് വിമര്‍ശിച്ചിരുന്നു.