കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യ രവീന്ദ്ര ജഡേജയ്‌ക്ക് പകരം യുസ്‌വേന്ദ്ര ചാഹലിനെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടാക്കി ഇറക്കിയതില്‍ വിവാദം
പുകയുകയാണ്. മാച്ച് റഫറിയുടെ നടപടിയുടെ വിമര്‍ശിച്ച് ഓസീസ് ടീമും മുന്‍താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയക്കാരുടെ വിമര്‍ശനങ്ങള്‍ക്ക് രൂക്ഷ മറുപടിയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് നല്‍കുന്നത്. 

തീരുമാനം ശരി

'കളിക്കാന്‍ ഫിറ്റല്ലാത്ത സന്ദര്‍ഭത്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് സബ്‌സ്റ്റിറ്റ്യൂട്ട് അനുവദിച്ചത് ഞങ്ങളുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ ശരിയായ തീരുമാനമാണ്. തലയ്‌ക്ക് ഏറ് കൊണ്ടതു കൊണ്ട് മാത്രമാണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട് അനുവദിക്കപ്പെട്ടത്. പന്തുകൊണ്ട സമയത്തുതന്നെ സബ്‌സ്റ്റിറ്റ്യൂഷന്‍ വേണമായിരുന്നു എന്ന് വാദിക്കാന്‍ ആര്‍ക്കുമാവില്ല. അതിനാല്‍ ഇന്ത്യന്‍ ടീം കൃത്യമായാണ് നിയമത്തെ ഉപയോഗപ്പെടുത്തിയത്'. 

ജഡേജയ്ക്ക് പരിക്കുണ്ടായിരുന്നോ..? സംശയം പ്രകടിപ്പിച്ച് മൈക്കല്‍ വോണ്‍

'ഓസ്‌ട്രേലിയക്കാര്‍ പരാതി പറയരുത്'

'കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് പരാതി പറയാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അവകാശമില്ല, കാരണം ഈ നിയമത്തിന്‍റെ ആനുകൂല്യം ആദ്യം ലഭിച്ചത് അവര്‍ക്കാണ്. സ്റ്റീവ് സ്‌മിത്തിന്‍റെ തലയില്‍ പന്ത് കൊണ്ടപ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്‍ പകരമെത്തുകയും റണ്ണടിച്ചു കൂട്ടുകയും ചെയ്തു. അതിനാല്‍ ഓസ്‌ട്രേലിയക്കും നിയമത്തിന്‍റെ ഗുണം ലഭിച്ചിട്ടുണ്ട്'. 

ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി; ജഡേജ ടി20 പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

അനുഭവം ഗുരു

'ഹെല്‍മറ്റില്‍ പന്ത് കൊണ്ട ശേഷവും ജഡേജ ബാറ്റ് ചെയ്തിരുന്നു എന്നതാണ് തര്‍ക്ക വിഷയമായി ഉയരുന്ന ഒരു കാര്യം. ഡ്രസിംഗ് റൂമില്‍ എത്തിയ ശേഷം ഹെല്‍മറ്റ് ഊരിക്കഴിയുമ്പോഴായിരിക്കാം ചെറിയ നീരും തലകറക്കവും അനുഭവപ്പെടുക. എന്‍റെ തലയില്‍ പലകുറി ബൗണ്‍സറുകള്‍ ഏറ്റിട്ടുണ്ട്, അതിനാല്‍ എന്താണ് സംഭവിക്കുക എന്ന് അറിയാം. എന്നാല്‍ അന്ന് കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ട് നിയമമില്ലായിരുന്നു' എന്നും വീരു കൂട്ടിച്ചേര്‍ത്തു. 

ജഡേജയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു; വ്യക്തമാക്കി സഞ്ജു സാംസണ്‍

ആളിപ്പടര്‍ന്ന് വിവാദം

സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ പതിച്ചാണ് ജഡേജയ്‌ക്ക് പരിക്കേറ്റത്. പകരക്കാരനായി ചാഹലിനെ ഇറക്കാന്‍ അനുവദിച്ച മാച്ച് റഫറി ഡേവിഡ് ബൂണുമായി ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ദീര്‍ഘനേരം തര്‍ക്കിച്ചു. ഓസീസ് ഓള്‍റൗണ്ടര്‍ മോയിസ് ഹെന്‍‌റി‌ക്കസ് പരസ്യ പ്രതികരണവും നടത്തി. കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി എത്തിയ ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായിരുന്നു.

ഓസ്‌ട്രേലിയന്‍ മാച്ച് റഫറിക്കില്ലാത്ത പ്രശ്‌നം നാട്ടുകാര്‍ക്ക് എന്തിന്; 'കണ്‍കഷന്‍' വിവാദത്തില്‍ ഗാവസ്‌കര്‍