പ്ലേ ഓഫിന് യോഗ്യത നേടണമെങ്കില്‍ ക്യാപിറ്റല്‍സിന് നിര്‍ണായകമാണ് ആര്‍സിബിക്ക് എതിരെ ഞായറാഴ്‌ച നടക്കുന്ന മത്സരം
ദില്ലി: ക്യാപ്റ്റന്‍ റിഷഭ് പന്തിന് വിലക്ക് നേരിട്ടതോടെ ഐപിഎല്‍ 2024 സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരായ ജീവന്‍മരണ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും. കുറഞ്ഞ ഓവര്‍ നിരക്കിന് റിഷഭിന് ഒരു മത്സരത്തില്‍ വിലക്ക് നേരിട്ടതോടെയാണിത്. ഐപിഎല്‍ 2024 സീസണിലെ പ്ലേ ഓഫിന് യോഗ്യത നേടണമെങ്കില്‍ ക്യാപിറ്റല്‍സിന് നിര്‍ണായകമാണ് ആര്‍സിബിക്ക് എതിരെ ഞായറാഴ്‌ച നടക്കുന്ന മത്സരം.
'കഴിഞ്ഞ കുറച്ച് സീസണുകളിലായി ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉപനായകനാണ് അക്‌സര്‍ പട്ടേല്‍. അദേഹം വളരെ പരിചസമ്പന്നനായ ഐപിഎല്‍ താരമാണ്. ഏറെ പരിചയമുള്ള രാജ്യാന്തര കളിക്കാരനാണ്. ക്രിക്കറ്റ് തന്ത്രങ്ങള്‍ നന്നായി അറിയാവുന്നയാളാണ്. അതിനാല്‍ അക്‌സര്‍ പട്ടേല്‍ നായകനാവുന്നതില്‍ ആകാംക്ഷയുണ്ട്. റിഷഭ് പന്തിന് വിലക്ക് ലഭിച്ചാല്‍ അക്‌സറിനെ നായകനാക്കണം എന്ന ചര്‍ച്ച കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടീമിലുണ്ടായിരുന്നു' എന്നും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ് പറഞ്ഞതായി ക്രിക്‌ബസ് റിപ്പോര്‍ട്ട് ചെയ്‌തു.
Read more: ഈഡനില്‍ മാനം തെളിഞ്ഞു, ഓവറുകള്‍ വെട്ടിച്ചുരുക്കി; ടോസ് ജയിച്ച് ഹാര്‍ദിക് പാണ്ഡ്യ
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പൊരുതുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് ഇരുട്ടടിയായിരിക്കുകയാണ് നായകന്‍ റിഷഭ് പന്തിന്‍റെ വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് റിഷഭ് പന്തിനെ ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. നേരത്തെ രണ്ട് തവണ കുറഞ്ഞ ഓവര്‍ നിരക്കിന് റിഷഭ് പന്തിന് പിഴശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മൂന്നാം തവണയും വീഴ്‌ച ആവര്‍ത്തിച്ചതോടെ വിലക്കിലേക്ക് ശിക്ഷ നീണ്ടു.
കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലാണ് റിഷഭ് പന്തിന് ആദ്യം പിഴ ശിക്ഷ വിധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ച റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയായി വിധിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലും സമയം പാലിക്കാതിരുന്നതോടെ റിഷഭ് പന്തിന് 30 ലക്ഷം രൂപയും ഒരു മത്സരത്തില്‍ വിലക്കും കിട്ടി. 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് പ്ലേ ഓഫിലെത്താന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. ഞായറാഴ്‌ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്‍സിബി-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം.
