മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനെതിരെ കേരളത്തിന് കൂറ്റൻ സ്കോര്‍. മുഹമ്മദ് അസറുദ്ദീന്‍റെ വെടിക്കെട്ട് സെഞ്ചുറിയും സഞ്ജു സാംസണിന്റെ മികച്ച പ്രകടനവും കേരളത്തെ 268 റൺസിൽ എത്തിച്ചു.

ചണ്ഡീഗഡ്: മുഷ്താഖ് അലി ട്രോഫിയില്‍ ക്വാര്‍ട്ടറിലെത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഹിമാചല്‍പ്രദേശിനെതിരെ കേരളത്തിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. 57 പന്തില്‍ 101 റണ്‍സെടുത്ത അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. മറ്റൊരു ഓപ്പണറായ രോഹന്‍ കുന്നുമ്മല്‍ 16 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ 21 പന്തില്‍ 44 റണ്‍സെടുത്തു.

ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് അസറുദ്ദീനും രോഹനും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവും ചേര്‍ന്ന് 5.4 ഓവറില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹന്‍ പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു സാംസണും അസറുദ്ദീനൊപ്പം തകര്‍ത്തടിച്ചതോടെ കേരളം കുതിച്ചു. എട്ടാം ഓവറില്‍ കേരളം 100 കടന്നു. 27 പന്തില്‍ അസറുദ്ദീന്‍ അര്‍ധസെഞ്ചുറി തികച്ചു.

പതിമൂന്നാം ഓവറില്‍ സഞ്ജുവിനെ മൃദുല്‍ സരോച് പുറത്താക്കി. 5 ഫോറും രണ്ട് സിക്സും പറത്തിയാണ് സഞ്ജു 21 പന്തിൽ 44 റണ്‍സെടുത്തത്. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ വിഷ്ണു വിനോദ് 11 പന്തില്‍ 22 റണ്‍സെടുത്ത് കേരളത്തിന്‍റെ സ്കോറുയര്‍ത്തി. 56 പന്തില്‍ സെഞ്ചുറിയിലെത്തിയ അസറുദ്ദീന്‍ പിന്നാലെ പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുള്‍ ബാസിതും(5 പന്തില്‍ 24) സല്‍മാന്‍ നിസാറും(15 പന്തില്‍ 26) ചേര്‍ന്ന് കേരളത്തെ 20 ഓവറില്‍ 268 റണ്‍സിലെത്തിച്ചു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എലൈറ്റ് ഗ്രൂപ്പ് സിയില്‍ ആറ് കളികളില്‍ 16 പോയിന്‍റുള്ള കേരളം മൂന്നാമതാണ്. ആറ് കളികളില്‍ 20 പോയിന്‍റുള്ള ഹിമാചല്‍പ്രദേശ് രണ്ടാമതും ആറ് കളികളില്‍ 20 പോയിന്‍റുള്ള ആന്ധ്ര ഒന്നാമതുമാണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറുക.
YouTube video player