ക്രൈസ്റ്റ്ചര്‍ച്ചില്‍ മുഹമ്മദ് സിറാജ് കളിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്ന് നോക്കാം. മൂന്ന് കാര്യങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്, സിറാജിന്റെ ഫോം, എന്തുകൊണ്ട് സിറാജ് ടീമിലേക്ക് മടങ്ങിയെത്തണം, വിദേശവിക്കറ്റുകളിലെ സിറാജിന്റെ ഇംപാക്റ്റ്

മുഹമ്മദ് ഷമിയുടെ വിധിയായിരിക്കുമോ മുഹമ്മദ് സിറാജിനും. ക്രൈസ്റ്റ്ചർച്ചില്‍ ഇന്ത്യ - ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിന് ടോസ് വീഴും ഇത് മാത്രമെ അറിയേണ്ടതുള്ളു. സിറാജ് കരിയറിന്റെ പീക്ക് പിന്നിട്ടിരിക്കുന്നുവെന്നതായിരുന്നു നായകൻ ശുഭ്മാൻ ഗില്‍ വെല്ലിങ്ടണില്‍ നടത്തിയ പ്രതികരണത്തിന്റെ സാരാംശം. സിറാജിന്റെ കഠിനാധ്വാനത്തിന്റേയും അയാളോടുള്ള വ്യക്തിബന്ധമൊക്കെയും ചേര്‍ത്തുവെച്ചുവെന്ന് മാത്രം. പക്ഷേ, എത്രകണ്ട് ന്യായീകരിക്കാൻ ശ്രമിച്ചാലും വിദേശടെസ്റ്റുകളില്‍ സിറാജിന്റെ അനിവാര്യതയെ തള്ളിക്കളയാനാകില്ല.

ക്രൈസ്റ്റ്ചര്‍ച്ചില്‍ സിറാജ് കളിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്ന് നോക്കാം. മൂന്ന് കാര്യങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്, സിറാജിന്റെ ഫോം, എന്തുകൊണ്ട് സിറാജ് ടീമിലേക്ക് മടങ്ങിയെത്തണം, വിദേശവിക്കറ്റുകളിലെ സിറാജിന്റെ ഇംപാക്റ്റ്.

ഫോമാണ് പ്രധാന വിഷയം. 2026ല്‍ മൂന്ന് ടെസ്റ്റുകളാണ് സിറാജ് കളിച്ചത്, അഫ്ഗാനിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരെ. അഫ്ഗാനെതിരായ ഏക ടെസ്റ്റ് മുലൻപൂരിലും, ശ്രീലങ്കൻ പര്യടനത്തില്‍ ഗാലെയിലും കൊളംബോയിലും. ആറ് ഇന്നിങ്സുകളിലായി അഞ്ച് വിക്കറ്റാണ് സിറാജിന്റെ നേട്ടം. ആകെ എറിഞ്ഞ ഓവറുകളുടെ എണ്ണം 57 ആണ്. അതായാത് 342 പന്തുകള്‍. 68 പന്തുകളെറിയുമ്പോഴാണ് സിറാജ് ഒരു വിക്കറ്റ് എടുത്തിരുന്നത്.

രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനായും സിറാജ് പന്തെറിഞ്ഞു, നാല് ഇന്നിങ്സുകളില്‍ നിന്ന് മൂന്ന് വിക്കറ്റ്. സ്ട്രൈക്ക് റേറ്റ് മേല്‍പ്പറഞ്ഞതില്‍ നിന്ന് അല്‍പ്പം മെച്ചപ്പെട്ടു, 68. പക്ഷേ, ഈ മത്സരങ്ങളൊക്കെയും സംഭവിച്ചിരിക്കുന്നത് ഏഷ്യൻ സാഹചര്യങ്ങളിലാണ്. ഏഷ്യയിലെ വിക്കറ്റുകള്‍ പേസിനെ എത്രകണ്ട് പിന്തുണയ്ക്കുന്നതാണെന്ന് എടുത്ത് പറയേണ്ടതില്ല. ഒരു വിദേശപര്യടനത്തില്‍ ടീം സെലക്ഷൻ നടത്തുമ്പോള്‍ ഈ കണക്കുകളാണോ പരിഗണിക്കേണ്ടതെന്നാണ് ചോദ്യം.

ജസ്പ്രിത് ബുമ്ര, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, അൻഷുല്‍ കാമ്പോജ് - ഇവരായിരുന്നു വെല്ലിങ്ടണിലെ ഇന്ത്യയുടെ പേസര്‍മാര്‍. പ്രസിദ്ധ്, പലപ്പോഴും ഇൻകണ്‍സിസ്റ്റൻസിയുടെ മറ്റൊരു പര്യായമാകുന്ന താരം, വിരളമായി മാത്രമാണ് മികവ് പുലര്‍ത്തുന്നത്. കാമ്പോജിന് ന്യൂബോളില്ലാതെ ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്നില്ല. ആകാശ് ദീപാകട്ടെ ഒരു ഫോര്‍ത്ത് സീം ഓപ്ഷനായി കാണാൻ കഴിയുന്നതാരമാണ്.

ശരിയാണ് വിക്കറ്റുവിഴ്ത്തിയിട്ടുണ്ട്. എങ്കിലും സിറാജിന് മുകളില്‍ പരിഗണിക്കാൻ മാത്രം മികവ് ടെസ്റ്റ് ക്രിക്കറ്റില്‍ ആകാശ് പുറത്തെടുത്തിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്, പ്രത്യേകിച്ചും വിദേശത്ത്. ഇനി ബുമ്രയിലേക്ക് വരാം, പരിക്ക് വേട്ടയാടാൻ ആരംഭിച്ചതിന് ശേഷം ടെസ്റ്റ് മത്സരത്തിലുടനീളം ഒരേ എനര്‍ജിയില്‍ കളിക്കാനാകില്ല എന്നത് ബുമ്രയുടെ പോരായ്മകളിലൊന്നാണ്. വെല്ലിങ്ടണില്‍ അഞ്ചാം ദിവസം ബുമ്രയെറിഞ്ഞ അവസാന ഓവറുകള്‍ മാത്രം നോക്കിയാല്‍ അത് വ്യക്തമാകും.

108-ാം ഓവര്‍ ഉദാഹരണമായി എടുക്കാം. ആദ്യ പന്തിന്റെ വേഗത മണിക്കൂറില്‍ 121 കിലോമീറ്റര്‍ മാത്രമായിരുന്നു, ശേഷം 126, 124, 125, 124 എന്നിങ്ങനെയൊക്കെ. അതായാത്, അവസാന ദിവസത്തിലേക്ക് എത്തിയപ്പോഴേക്കും ബുമ്രയുടെ പേസില്‍ ഉണ്ടായ ഇടിവാണിത്. ഇവിടെയാണ് സിറാജിന്റെ പ്രധാന്യം. സിറാജിനെക്കൊണ്ട് മത്സരത്തിന്റെ ആദ്യ ദിവസവും അവസാന ദിവസം 140 പ്ലസ് ക്ലോക്ക് ചെയ്യാനാകും, അതാണ് സിറാജ് എന്ന വ‍ര്‍ക്ക്ഹോഴ്‌സ്. അതിപ്പോള്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയാണെങ്കിലും രണ്ടാണെങ്കിലും.

അവസാനം നടന്ന ഇന്ത്യയുടെ വിദേശ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിലായിരുന്നല്ലോ. പരമ്പര നോക്കുമ്പോള്‍ ബാറ്റിങ്ങിന് മുൻതൂക്കം കൊടുക്കുന്ന സാഹചര്യങ്ങള്‍ നിരവധിയുണ്ടായിരുന്നു. അവിടെ, 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. സീരീസ് മൊത്തമെടുത്ത് നോക്കിയാല്‍ സിറാജിനോളം ഓവര്‍ എറിഞ്ഞ മറ്റൊരു പേസറില്ല, 23 വിക്കറ്റുകള്‍ നേടി, പരമ്പരയിലെ ടോപ് വിക്കറ്റ് ടേക്കര്‍. ഇംഗ്ലണ്ട് ബൗളര്‍മാരേക്കാള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു.

സിറാജിന്റെ ടെസ്റ്റ് കരിയറിലെ സ്ട്രൈക്ക് റേറ്റ് 51.03 ആണ്. 51 പന്തുകള്‍ എറിയുമ്പോള്‍ ഒരു വിക്കറ്റ്. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ സിറാജിനേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റുള്ള രണ്ട് പേസര്‍മാരെയുള്ളു, ബുമ്രയും ഷമിയും. ഇംഗ്ലണ്ട് പര്യടനത്തില്‍ സിറാജിന്റെ സ്ട്രൈക്ക് റേറ്റ് 48 ആയിരുന്നു. കരിയര്‍ സ്ട്രൈക്ക് റേറ്റിനേക്കാള്‍ മികച്ചത്. ന്യൂബോളിലും ഓള്‍ഡ് ബോളിലുമെല്ലാം മൂവ്മെന്റ് സൃഷ്ടിക്കാൻ കഴിയുന്നുവെന്നതാണ് സിറാജിന് ആ പര്യടനത്തില്‍ ലീഥലാക്കിയത്.

ഇനിയെടുത്ത് പറയേണ്ടത് സിറാജ് മൈതാനത്ത് പുലര്‍ത്തുന്ന സ്വാധീനമാണ്, ടീമിലെ ഏക അഗ്രസീവ് പേസര്‍. ടെസ്റ്റ് മത്സരം ഒരു ദിവസം കൊണ്ട് അല്ലെങ്കില്‍ ഒരു സെഷൻ കൊണ്ട് അവസാനിക്കുന്നതല്ലല്ലോ, അഞ്ച് ദിവസം ഒരു താരത്തിന്റെ ശരീരത്തെ, മനസിനെ, അയാളുടെ ചിന്തകളെയെല്ലാം പരീക്ഷിക്കുന്ന ക്ലാസിക്ക് ഫോര്‍മാറ്റാണ്. ആ അഞ്ച് ദിവസവും 100 ശതമാനവും നല്‍കാൻ സിറാജിന് കഴിയും, അത് സഹതാരങ്ങളിലേക്ക് പകര്‍ന്ന് നല്‍കാനും സാധിക്കും.

സഹ ബൗളര്‍മാര്‍ക്ക് അത്തരമൊരു പിന്തുണ നല്‍കാൻ വെല്ലിങ്ടണില്‍ ബുമ്രയ്ക്കോ പ്രസിദ്ധിനോ കാമ്പോജിനോ ആകാശിനോ കഴിഞ്ഞിരുന്നില്ല. ഈ ഒരു എക്സ് ഫാക്ടര്‍ക്കൂടിയാണ് സിറാജിനെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് നഷ്ടമായത്. അതുകൊണ്ട് സിറാജ് മടങ്ങിയെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്, അങ്ങനെ സംഭവിച്ചില്ലായെങ്കില്‍ സിറാജിന്റെ കരിയറിന് മുന്നിലും ചോദ്യം ഉയരും...