സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ആണ് പാകിസ്ഥാന്‍റെ എതിരാളികള്‍. സെമി ഉറപ്പിച്ചതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍ പാക് ടീം. ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തിന് ശേഷം നായകന്‍ ബാബര്‍ അസം ടീം അംഗങ്ങളോട് സംസാരിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ സെമിയിലേക്ക് കടക്കാന്‍ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് പാകിസ്ഥാന്‍. നിര്‍ണായകമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നെതര്‍ലാന്‍ഡ്സിനോട് പരാജയപ്പെടുകയും ബംഗ്ലാദേശിനെ തോല്‍പ്പിക്കാന്‍ സാധിച്ചതോടെയുമാണ് പാകിസ്ഥാന് സെമി പ്രവേശനം സാധ്യമായത്. ഇന്ത്യയോടും സിംബാബ്‍വെയോടും പരാജയപ്പെട്ട പാകിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്നതിന്‍റെ തൊട്ടടുത്ത് വരെ എത്തിയ ശേഷമാണ് അവസാന നാലിലേക്ക് അവിശ്വസനീയമായി കയറിക്കൂടിയത്.

സെമി ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ആണ് പാകിസ്ഥാന്‍റെ എതിരാളികള്‍. സെമി ഉറപ്പിച്ചതിന്‍റെ ആവേശത്തിലാണ് ഇപ്പോള്‍ പാക് ടീം. ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തിന് ശേഷം നായകന്‍ ബാബര്‍ അസം ടീം അംഗങ്ങളോട് സംസാരിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. താരങ്ങളില്‍ ആത്മവിശ്വാസം ഉണര്‍ത്തി പ്രചോദിപ്പിക്കുന്ന ബാബര്‍ അസമിന്‍റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്.

'നമുക്ക് വിശ്വാസം ഉണ്ടായിരുന്നു. നമുക്ക് അല്‍പ്പം വെളിച്ചം ലഭിച്ചു, ഇന്ന് സെമിയിലെത്തുമെന്ന് ഉറപ്പാക്കാനാണ് നാം കളിച്ചത്. നമ്മൾ ആവേശഭരിതരും പരിഭ്രാന്തരുമായിരുന്നു, പക്ഷേ അത് പ്രകടനത്തെ ബാധിക്കാൻ നാം അനുവദിച്ചില്ല. നൂറ് ശതമാനം നാം സമര്‍പ്പിക്കണം. അവസാന രണ്ട് കളികളില്‍ നാം പുറത്തെടുത്ത മികച്ച പ്രകടനം തുടരുക തന്നെ വേണം. ഓരോ താരങ്ങള്‍ക്കും എന്ത് ചുമതലയാണോ ഉള്ളത് അത് പൂര്‍ത്തിയാക്കണം' - ബാബര്‍ പറഞ്ഞു.

Scroll to load tweet…

നേരത്തെ, ഇന്ത്യയോട് ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ സഹതാരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ബാബര്‍ സംസാരിക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. അതേസമയം, ട്വന്‍റി 20 ലോകകപ്പില്‍ നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് 1.30 ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെ നേരിടും. സിഡ്‌നിയിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ത്യ, ഇംഗ്ലണ്ടിനേയും നേരിടും. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം. ഫൈനല്‍ 13ന് ഉച്ചയ്ക്ക് 1.30ന് മെല്‍ബണില്‍ നടക്കും. ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെയാണ് സെമിഫൈനല്‍ ക്രമം പുറത്തായത്.

ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെതിരെ; ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമി വ്യാഴാഴ്ച്ച