കൊൽക്കത്തയില്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം

കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനായി കൊൽക്കത്തയിൽ എത്തിയ പാകിസ്ഥാന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസം ഷോപ്പിംഗിന്‍റെ തിരക്കിലായിരുന്നു. ലോകകപ്പില്‍ നിന്ന് ടീം പുറത്താകലിന്‍റെ വക്കിലായിട്ടും പാക് താരങ്ങള്‍ അവധി ദിനങ്ങൾ അടിച്ചുപൊളിക്കുകയായിരുന്നു. ക്യാപ്റ്റൻ ബാബര്‍ അസം ഏഴ് സാരി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

ഈഡന്‍ ഗാര്‍ഡന്‍സില്‍ മഹാത്ഭുതം പ്രതീക്ഷിച്ചിറങ്ങുന്ന പാക് താരങ്ങൾ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിച്ചു കൊല്‍ക്കത്തയിലെ കാഴ്‌ചകള്‍. ഓപ്പണര്‍ ഇമാമുൽ ഹഖുമായി കൊൽക്കത്തയിലെ സൗത്ത് സിറ്റി മാളിൽ രണ്ട് മണിക്കൂര്‍ തങ്ങിയ ക്യാപ്റ്റന്‍ ബാബര്‍ അസം ഏഴ് സാരികളാണ് വാങ്ങിയത്. വീട്ടുകാരുമായി വീഡിയോകോൾ ചെയ്‌താണ് ബാബര്‍ ഇഷ്ടപ്പെട്ട ഷിഫോൺ സാരി തെരഞ്ഞെടുത്തതെന്ന് കടയിലെ ജീവനക്കാര്‍ പ്രതികരിച്ചു. സ്‌പാനിഷ് ബ്രാൻഡ് വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും രണ്ട് താരങ്ങളും വാങ്ങിയാണ് മടങ്ങിയത്. ഉടൻ വിവാഹിതനാകുമെന്ന അഭ്യൂഹങ്ങൾക്കിടെ ബാബര്‍ അസം ഏഴ് ലക്ഷം രൂപയുടെ ഷര്‍വാണി വാങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ലാഹോറിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെയാണ് ലോകകപ്പ് ആവേശത്തിനിടെ പാക് ക്യാപ്റ്റൻ ഷോപ്പിംഗിനിറങ്ങിയത്. 

കൊൽക്കത്തയില്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടം. ഇംഗ്ലണ്ടിനെ അവിശ്വസനീയമായ കണക്കുകളില്‍ തോല്‍പിക്കാനായാല്‍ മാത്രം പാകിസ്ഥാന് സെമിയില്‍ എത്താനാകൂ. ഇല്ലെങ്കില്‍ നാലാം ടീമായി ന്യൂസിലന്‍ഡ് സെമിഫൈനലിലെത്തും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകള്‍ നേരത്തെതന്നെ സെമി ഉറപ്പിച്ചിരുന്നു. ടൂര്‍ണമെന്‍റില്‍ നിറംമങ്ങിയ ഇംഗ്ലണ്ടാവട്ടെ മൂന്നാം ജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങുന്നത്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് മത്സരത്തിന് ടോസ് വീഴും. സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി+ഹോട്‌സ്റ്റാറും വഴി മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം. 

Read more: അഹങ്കാരമോ ആത്മവിശ്വാസമോ; 'സെമിയില്‍ എത്തും'! കയ്യാലപ്പുറത്തെ തേങ്ങയെങ്കിലും വെല്ലുവിളിച്ച് ബാബര്‍ അസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം