ഇതിനിടെ ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് ബാബര്‍. കിരീടം നേടുമോ എന്നുള്ള ചോദ്യത്തിന്, എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നാണ് അസം പറയുന്നത്.

മെല്‍ബണ്‍: ഭാഗ്യത്തിന്റെ ചിറകിലേറിയാണ് പാകിസ്ഥാന്‍ ടി20 ലോകകപ്പിന്റെ ഫൈനലിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്‌വെ, ഇന്ത്യ എന്നിവര്‍ക്കെതിരെ പരാജയപ്പെട്ടെങ്കിലും സെമി കടക്കാന്‍ അവര്‍ക്കായി. നെതര്‍ലന്‍ഡ്‌സ്, ശക്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പപാകിസ്ഥാന് സെമി കളിക്കാനുള്ള യോഗ്യതയായത്. സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെ ഫൈനലിലേക്കും യോഗ്യത നേടി. നാളെ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് പാകിസ്ഥാന്റെ എതിരാളി. 

ഇതിനിടെ ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് ബാബര്‍. കിരീടം നേടുമോ എന്നുള്ള ചോദ്യത്തിന്, എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നാണ് അസം പറയുന്നത്. ''ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവമാണ് ഞങ്ങള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കിയത്. ആ അവസരം മുതലാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ലോകകപ്പുകളിലും ഇതുതന്നെയാണ് സംഭവിച്ചത്. ഞങ്ങളുടെ പക്കലുള്ളതുവച്ച് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്.'' ബാബര്‍ പറഞ്ഞു. വീഡിയോ കാണാം..

Scroll to load tweet…

പവര്‍പ്ലേ എങ്ങനെ കളിക്കണമെന്നതിനെ കുറിച്ചും ബാബര്‍ സംസാരിച്ചു. ''ബാറ്റിംഗായാലും ബൗളിംഗായാലും പവര്‍പ്ലേ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കണം. നേരത്തെ വിക്കറ്റുകള്‍ വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദിലാക്കാനാണ് ശ്രമിക്കാറ്. ബാറ്റിംഗിനെത്തുമ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കൃത്യമായ പദ്ധതികള്‍ ഉണ്ടായിരിക്കണം. ഇതോടെ പിന്നാലെ വരുന്ന ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും. കവിഞ്ഞ നാല് മത്സരങ്ങളിലും ടീം മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞവര്‍ഷം ലോകകപ്പ് സെമി ഫൈനലിലെത്താന്‍ സാധിച്ചതും ഏഷ്യാകപ്പില്‍ ഫൈനലിലെത്തിയതും വലിയ നേട്ടമായി കാണുന്നു.'' അസം പറഞ്ഞു.

ഐപിഎല്ലില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടോ എന്ന് ബാബറിനോട് ചോദ്യം, ഇടപെട്ട് പാക് ടീം മീഡിയ മാനേജര്‍

നാളത്തെ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തില്‍ കാലം തെറ്റി മഴപെയ്യുന്ന ഓസ്‌ട്രേലിയയില്‍ ഈ ലോകകപ്പിലെ നിര്‍ണായകമായ പല പോരാട്ടങ്ങളും ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചിരുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലും മഴ നിഴലിലാണ്. മെല്‍ബണില്‍ ഫൈനല്‍ ദിവസം വൈകുന്നേരം മഴപെയ്യാനുള്ള സാധ്യത 95 ശതമാനാണെന്നാണ് കാലവസ്ഥാ പ്രവചനം. മഴ മൂലം ഫൈനല്‍ നടന്നില്ലെങ്കില്‍ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചയിലേക്ക് മാറ്റും. തിങ്കളാഴ്ചയും കുറഞ്ഞത് 10 ഓവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമായില്ലെങ്കിലും ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കേണ്ടിവരും.