Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ കളിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടോ എന്ന് ബാബറിനോട് ചോദ്യം, ഇടപെട്ട് പാക് ടീം മീഡിയ മാനേജര്‍

ഐപിഎല്ലില്‍ കളിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും ഗുണമുണ്ടാകുമെന്ന് കരുതുന്നുണ്ടോ, ഐപിഎല്ലില്‍ കളിക്കാനാകുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്നായിരുന്നു ബാബറിനോട് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം.

T20 World Cup 2022: Babar Azam avoids question on playing IPL
Author
First Published Nov 12, 2022, 2:20 PM IST

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ നാളെ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നതിന് മുമ്പ് വാര്‍ത്താസമ്മേളനത്തിനെത്തിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഐപിഎല്ലില്‍ കളിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി. ഫൈനലിന്‍റെ തലേന്ന് നടത്തിയ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് ബാബറിനോട് ഐപിഎല്ലുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ഉയര്‍ത്തിയത്.

ഐപിഎല്ലില്‍ കളിക്കുന്നത് കൊണ്ട് നിങ്ങള്‍ക്കും നിങ്ങളുടെ ടീമിനും ഗുണമുണ്ടാകുമെന്ന് കരുതുന്നുണ്ടോ, ഐപിഎല്ലില്‍ കളിക്കാനാകുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ എന്നായിരുന്നു ബാബറിനോട് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഈ ചോദ്യം കേട്ടയുടന്‍ സമീപത്തിരിക്കുകയായിരുന്ന മീഡിയ മാനേജരുടെ മുഖത്തുനോക്കി ബാബര്‍ മിണ്ടാതിരുന്നു. എന്നാല്‍ മൈക്ക് കൈയിലെടുത്ത മീഡിയാ മാനേജര്‍ ലോകകപ്പിനെക്കുറിച്ചാണ് നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നതെന്നും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമെ ചോദിക്കാവൂ എന്നും വ്യക്തമാക്കി.

ഒടുവില്‍ പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ ഇന്ത്യന്‍സ്, ജഡേജയെ നിലനിര്‍ത്തി ചെന്നൈ

ഐപിഎല്ലിന്‍റെ ആദ്യ പതിപ്പില്‍ മാത്രമാണ് പാക്കിസ്ഥാന്‍ കളിക്കാര്‍ കളിച്ചത്. 2008ല മുംബൈ ഭീകരാക്രമണശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ ഐപിഎല്ലിലോ ദ്വിരാഷ്ട്ര പരമ്പരകളിലോ ഇരു രാജ്യങ്ങളും കളിക്കാറില്ല.

അതേസമയം, നാളെ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം മഴ ഭീഷണിയിലാണ്. മത്സരദിവസമായ നാളെ മെല്‍ബണില്‍ മഴപെയ്യാന്‍ 95 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മഴ മൂലം നാളെ മത്സരം നടത്താന്‍ സാധിച്ചില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തിയേക്കും. ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയോടും സിംബാബ്‌വെയോടും തോറ്റ് സെമി പോലും എത്താതെ പുറത്താകലിന്‍റെ വക്കിലായിരുന്ന പാക്കിസ്ഥാന്‍ അവസാന റൗണ്ട് മത്സരങ്ങളില്‍ മികവ് കാട്ടിയാണ് സെമിയിലെത്തിയത്. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാന് സെമിയിലേക്ക് വഴി തെളിഞ്ഞത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ന്യൂസിലന്‍ഡിനെ തകര്‍ത്താണ് പാക്കിസ്ഥാന്‍ ഫൈനലിലേക്ക് മുന്നേേറിയത്.

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ വിളിക്കൂ! സെവാഗിന് പിന്നാലെ മലയാളി താരത്തെ പിന്തുണച്ച് റോബിന്‍ ഉത്തപ്പ

Follow Us:
Download App:
  • android
  • ios