ഒഴിഞ്ഞതോ, ഒഴിപ്പിച്ചതോ? പാകിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം! നയിക്കാനായത് അഭിമാനമെന്ന് താരം
ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ബാബര്‍ അസം രാജിവിച്ചു. ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബറിന്റെ രാജി. ഏറെ പ്രതീക്ഷയോടെ വന്ന പാകിസ്ഥാന് അഞ്ചാം സ്ഥാനത്ത് മാത്രമാണ് അവസാനിപ്പിക്കാന്‍ സാധിച്ചത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ടീമുകളോട് പരാജയപ്പെടുകയും ചെയ്തു. താരത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പകരക്കാരനെ ഇതുവരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരില്‍ ഒരാള്‍ നായകനായേക്കും.
ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എന്നാല്‍ ശരിയായ സമയത്താണ് തീരുമാനമെടുത്തതെന്നും ബാബര്‍ രാജിവച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഇനിയും കളിക്കുമെന്നും ബാബര്‍ വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ച പിസിബിക്ക് ബാബര്‍ നന്ദി പറഞ്ഞു.
പ്രസ്താവനയില്‍ വിശദീകരിക്കുന്ന ബാക്കി കാര്യങ്ങളിങ്ങനെ... ''2019ല്‍ എന്നെ ക്യാപ്റ്റനാക്കികൊണ്ടുള്ള പിസിബിയുടെ ഫോണ്‍ സന്ദേശം ഞാന്‍ ഓര്‍ക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കരിയറില്‍ കയറ്റിറങ്ങളുണ്ടായി. എന്നാല്‍ എപ്പോഴും പാകിസ്ഥാന്റെ പ്രതാപം ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിക്കറ്റ് ലോകത്തെ ബഹുമാനിക്കുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഒന്നാം നമ്പറാവാന്‍ പാകിസ്ഥാന് സാധിച്ചു. താരങ്ങള്‍, പരിശീലകര്‍, ടീം മാനേജ്‌മെന്റ് എന്നിവരുടെ ശ്രമഫലം കൂടിയാണിത്. യാത്രയില്‍ കൂടെ നിന്ന് പാകിസ്ഥാന്‍ ആരാധകരോടും എന്റെ നന്ദി രേഖപ്പെടുത്തുന്നു.'' ബാബര്‍ കുറിച്ചിട്ടു.
പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെ ബൗളിംഗ് മോര്‍ണെ മോര്‍ക്കല്‍ നേരത്തെ രാജിവച്ചിരുന്നു. ബാബറിനെ മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നാല് മത്സരങ്ങളില്‍ മാത്രമാണ് പാകിസ്ഥാന് ജയിക്കാന്‍ സാധിച്ചിരുന്നത്. ഇന്ത്യ, അഫ്ഗാന്‍ എന്നിവര്‍ക്ക് പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയും പാകിസ്ഥാന്‍ തോറ്റു. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവരെയാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്.