ഒരുലക്ഷത്തി പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം മത്സരത്തിനായി നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടന്നത്.
മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം നടക്കുന്നത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്‍റെ പിറന്നാള്‍ ദിനത്തില്‍. ഒക്ടോബര്‍ 15നാണ് പാക് നായകന്‍ ബാബര്‍ അസം 29-ാം പിറന്നാള്‍ ആഘോഷിക്കുന്നത്. അന്ന് തന്നെയാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുക.
ഒരുലക്ഷത്തി പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം മത്സരത്തിനായി നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 23നായിരുന്നു ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നടന്നത്. അതിനും ഒരാഴ്ച മുമ്പ് ക്യാപ്റ്റന്‍മാരുടെ കൂടിക്കാഴ്ചക്കിടെ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെ നേതൃത്വത്തിലായിരുന്നു ബാബറിന്‍റെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്.
ഈ വര്‍ഷം ഏകദിന ലോകകപ്പിനിടെ രണ്ട് ഇന്ത്യന്‍ താരങ്ങളും പിറന്നാള്‍ ദിനത്തില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. ഒക്ടോബര്‍ 11ന് 30-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പിറന്നാള്‍ ദിനത്തില്‍ മത്സരിക്കാനിറങ്ങുന്ന ഒരു ഇന്ത്യന്‍ താരം. 11ന് ദില്ലി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയാണ് നേരിടുക.
മുന്‍ നായകന്‍ വിരാട് കോലിയാവും പിറന്നാള്‍ ദിനത്തില്‍ മത്സരിക്കാനിറങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം. നവംബര്‍ അഞ്ചിന് 35-ാം പിറന്നാള്‍ ആഘോഷിക്കുന്ന കോലി അന്ന് ദക്ഷിണാഫ്രിക്കക്കെതിരെ കൊല്‍ക്കത്തയില്‍ മത്സരത്തിനിറങ്ങും.
ലോകകപ്പിന്‍റെ മത്സരക്രമം ഔദ്യോഗികമായി ഐ സി സി പുറത്തുവിട്ടിട്ടില്ലെങ്കിലും മത്സരങ്ങളും വേദികളും സംബന്ധിച്ച കരട് മത്സരക്രമം ബിസിസിഐ ഐസിസിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തു. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.
