തന്‍റെ ശരീരത്തിന് നേരെയല്ലാതിരുന്നിട്ടും സമീപത്ത് കൂടെ പോയ പന്ത് ഫീല്‍ഡറെ പോലെ കൈയിലെടുക്കാനാണ് ബാബര്‍ ശ്രമിച്ചത്. താന്‍ ബാറ്റ് ചെയ്യുകയാണോ ഫീല്‍ഡ് ചെയ്യുകയാണോ എന്ന് ബാബര്‍ രു നിമിഷത്തേക്ക് മറന്നുപോയി എന്നാണ് ഇതു കണ്ട ആരാധകര്‍ പറയുന്നത്.
കാന്‍ബെറ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി പരിശീലന മത്സരത്തില്‍ ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി മത്സരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്‍റെ അപരാജിത സെഞ്ചുറിയുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്ത് കരുത്ത് കാട്ടുകയും ചെയ്തു.
എന്നാല്‍ ഷാന്‍ മസൂദിന്‍റെ സെഞ്ചുറിയേക്കാള്‍ വാര്‍ത്തകളില്‍ ഇടം നേടിയത് മുന്‍ നായകന്‍ ബാബര്‍ അസമിന് ബാറ്റിംഗിനിടെ ഒരു നിമിഷത്തേക്ക് കിളി പോയ നിമിഷമായിരുന്നു. ഷാന്‍ മസൂദിനൊപ്പം മൂന്നാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ബാബര്‍ 88 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ഓസ്ട്രേലിയന്‍ ബൗളര്‍ എറിഞ്ഞ പന്തില്‍ ഷാന്‍ മസൂദ് സ്ട്രൈറ്റ് ഡ്രൈവ് കളിച്ചപ്പോള്‍ തന്‍റെ അടുത്തുകൂടെ വന്ന പന്തിനെ കൈ കൊണ്ട് പിടിക്കാന്‍ ബാബര്‍ ശ്രമിച്ചത് ഓസീസ് താരങ്ങളെപ്പോലും അമ്പരപ്പിച്ചു.
തന്‍റെ ശരീരത്തിന് നേരെയല്ലാതിരുന്നിട്ടും സമീപത്ത് കൂടെ പോയ പന്ത് ഫീല്‍ഡറെ പോലെ കൈയിലെടുക്കാനാണ് ബാബര്‍ ശ്രമിച്ചത്. താന്‍ ബാറ്റ് ചെയ്യുകയാണോ ഫീല്‍ഡ് ചെയ്യുകയാണോ എന്ന് ബാബര്‍ രു നിമിഷത്തേക്ക് മറന്നുപോയി എന്നാണ് ഇതു കണ്ട ആരാധകര്‍ പറയുന്നത്. 14 മുതലാണ് ഓസ്ട്രേലിയ-പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.
ലോകകപ്പില്‍ അഞ്ചാം സ്ഥാനത്തായ പാകിസ്ഥാന് സെമിയിലെത്താനായിരുന്നില്ല. ലോകകപ്പിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനം ബാബര്‍ രാജിവെക്കുകയും ചെയ്തു. ഷാന്‍ മസൂദാണ് ടെസ്റ്റില്‍ പാകിസ്ഥാനെ നയിക്കുന്നത്. ടി20യില്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്ഥാന്‍ നായകന്‍. ഏകദിന ടീമിന്‍റെ നായകനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം നവംബറില്‍ മാത്രമാമാണ് പാകിസ്ഥാന് അടുത്ത ഏകദിന പരമ്പരയുള്ളത്.
