സിഡ്‌നി: വനിത ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ മൂന്ന് 95 എന്ന നിലയിലണ്. ജമീമ റോഡ്രിഗസ് (24), ദീപ്തി ശര്‍മ (24) എന്നിവാരണ് ക്രീസില്‍. രണ്ട് വിക്കറ്റ് നേടിയ ജെസ് ജോനസെനാണ് ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ത്തത്.

സ്മൃതി മന്ഥാന (10), ഷെഫാലി വര്‍മ (29), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (2) എന്നവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നഷ്ടമായെങ്കിലും മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ മന്ഥാന മടങ്ങി. 

തൊട്ടടുത്ത ഓവറില്‍ ഷെഫാലിയും മടങ്ങി. തകര്‍ത്തടിച്ച ഷെഫാലി 15 പന്തിലാണ് 29 റണ്‍സ് നേടിയിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. അധികം വൈകിയില്ല അടുത്ത ഓവറില്‍ ക്യാപ്റ്റനും വീണു. ജോനസെനെതിരെ അനാശവ്യ ഷോട്ടിന് മുതിര്‍ന്ന് കൗര്‍ മടങ്ങിയത്. 

ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്‍, തായ്‌ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് കളിക്കുന്നത്.