ഏകദിന ലോകകപ്പിനുള്ള ടീം കോംബിനേഷനെ കുറിച്ച് തനിക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വ്യക്തമായ ധാരണയുള്ളതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു

ധാക്ക: അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യന്‍ ടീം ഇതിനകം തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ലോകകപ്പ് നേടാന്‍ ഇന്ത്യന്‍ ടീമിന് ശ്രദ്ധേയ ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ടീമിലെ കോര്‍ താരങ്ങളെ ഇനിയുള്ള എല്ലാ ഏകദിനങ്ങളിലും കളിപ്പിക്കണം എന്നാണ് ഗാവസ്‌കറിന്‍റെ നിര്‍ദേശം. 

'ടീമില്‍ വലിയ വെട്ടലുകളും മാറ്റങ്ങളും ഉണ്ടാവില്ല എന്നാണ് എന്‍റെ പ്രതീക്ഷ. താരങ്ങള്‍ക്ക് വലിയ വിശ്രമം നല്‍കും എന്നും കരുതുന്നില്ല. ലോകകപ്പിന് എത്തുമ്പോള്‍ കോംബിനേഷന്‍ കണ്ടെത്താന്‍ സമയമെടുക്കും. കോര്‍ താരങ്ങള്‍ എല്ലാ മത്സരങ്ങളും കളിക്കേണ്ടത് അനിവാര്യമാണ്. അധിക ബാറ്ററെയോ ബൗളറേയോ ആവശ്യമുള്ളപ്പോള്‍ ഒരു താരം ടീമിലെത്തിയേക്കാം. എന്നാല്‍ കോര്‍ ടീം അംഗങ്ങള്‍ എല്ലാ ഏകദിന മത്സരങ്ങളും കളിച്ചിരിക്കണം. ലോകകപ്പ് നേടണമെങ്കില്‍ താരങ്ങള്‍ക്ക് വിശ്രമം പാടില്ല. അതുകൊണ്ട് എല്ലാ മത്സരത്തിലും കൃത്യമായ കോംബിനേഷന്‍ ആയിരിക്കണം കളത്തിലിറങ്ങേണ്ടത്' എന്നും ഗാവസ്‌കര്‍ ഇന്ത്യ-ബംഗ്ലാ ആദ്യ ഏകദിനത്തിന് മുമ്പ് പറഞ്ഞു. 

ഏകദിന ലോകകപ്പിനുള്ള ടീം കോംബിനേഷനെ കുറിച്ച് തനിക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വ്യക്തമായ ധാരണയുള്ളതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 'ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര വലിയ ആകാംക്ഷ സൃഷ്ടിക്കുന്നു. ബംഗ്ലാദേശിലെ മത്സരങ്ങള്‍ എപ്പോഴും വെല്ലുവിളിയാണ്. ഹോം ടീമെന്ന നിലയില്‍ അവര്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും' എന്നുമായിരുന്നു രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. ആദ്യ ഏകദിനം ഇന്ന് നടക്കുമ്പോള്‍ ഡിസംബര്‍ 7, 10 തിയതികളിലാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. ഇതിന് ശേഷം രണ്ട് ടെസ്റ്റുകളും ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലുണ്ട്. 

ഷാക്കിബ് പറത്തിയടിക്കാന്‍ നോക്കി; ഒറ്റകൈയില്‍ പറന്ന് പിടിച്ച് കോലി- വീഡിയോ