ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു

ധാക്ക: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ വീണ്ടും തഴയുന്നതില്‍ വിമര്‍ശനം ശക്തമായിരിക്കേ പ്രതികരണവുമായി ദിനേശ് കാര്‍ത്തിക്. സഞ്ജു ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണെന്നും അയാളെ കുറിച്ച് സംസാരിക്കേണ്ടതുണ്ട് എന്നുമാണ് ഡികെയുടെ പ്രതികരണം. 

ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ അടുത്ത രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ മാറ്റി റിഷഭിന് ടീം അവസരം കൊടുത്തു. ബംഗ്ലാദേശ് പര്യടനത്തിലേക്ക് സഞ്ജുവിനെ പരിഗണിച്ചുമില്ല. ഇഷാന്‍ കിഷനാണ് ബംഗ്ലാ പര്യടനത്തില്‍ ബാക്ക്‌അപ് വിക്കറ്റ് കീപ്പര്‍. റിഷഭ് പന്ത് പുറത്തായതോടെ കെ എല്‍ രാഹുലാണ് ആദ്യ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞത്. 

'നമ്മള്‍ വിട്ടുപോയ മറ്റൊരു പേര്. സഞ്ജു സാംസണിനെ കുറിച്ച് സംസാരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. അയാള്‍ എന്‍റെ ഫേവറൈറ്റ് താരങ്ങളിലൊരാളാണ്. ഏകദിന ഫോര്‍മാറ്റില്‍ മധ്യനിരയില്‍ ലഭിച്ച കുറഞ്ഞ അവസരങ്ങളില്‍ സഞ്ജു തിളങ്ങിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരില്‍ ആരാണ് സ്‌പെഷ്യലിസ്റ്റ് എന്ന് നോക്കേണ്ടതുണ്ട്. ടീമിലെ കാര്യങ്ങളൊക്കെ മാറിക്കൊണ്ടിരിക്കും. എന്നാല്‍ വരുന്ന വര്‍ഷം ഓഗസ്റ്റോടെ 15 അംഗ ടീമിനെ കണ്ടെത്തേണ്ടതുണ്ട്' എന്നും ഡികെ പറഞ്ഞു. ടീം ഇന്ത്യക്കായി ഇതുവരെ 11 ഏകദിനങ്ങള്‍ മാത്രം കളിച്ച സഞ്ജു 66 ശരാശരിയിലും 104.76 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സഞ്ജുവിന്‍റെ അരങ്ങേറ്റം. 

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ടോസിന് മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒഴിവാക്കിയപ്പോഴും പകരക്കാരനായി സഞ്ജു സാംസണിനെ സ്ക്വാഡിലേക്ക് വിളിക്കാത്തത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് വരാനിരിക്കേ സഞ്ജു സാംസണെയോ ഇഷാന്‍ കിഷനെയോ പരീക്ഷിക്കാനുള്ള അവസരം ബംഗ്ലാദേശിനെതിരെ ലഭിക്കില്ലായിരുന്നോ എന്ന് ആരാധകര്‍ ചോദിക്കുന്നു. 

പരിക്കുള്ള പന്ത് ടീമില്‍, അവസാന നിമിഷം ഒഴിവാക്കി; പകരക്കാരന്‍ ഇല്ല! സഞ്ജുവിനെ ഒഴിവാക്കാനാണോയെന്ന് ആരാധകർ