നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ നാസും അഹമ്മദാണ് ഓസീസിനെ കറക്കി വീഴ്ത്തിയത്. മുസ്തഫിസുര്‍ റഹ്മാനും ഷൊറിഫുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ധാക്ക: ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ 23 റണ്‍സിന് വീഴ്ത്തി ബംഗ്ലാദേശ് അഞ്ച് മത്സര പരമ്പരയില്‍ മുന്നിലെത്തി. ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന്‍റെ ആദ്യ ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തപ്പോള്‍ ഓസ്ട്രേലിയ 20 ഓവറില്‍ 108 റണ്‍സിന് ഓല്‍ ഔട്ടായി.

നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഇടം കൈയന്‍ സ്പിന്നര്‍ നാസും അഹമ്മദാണ് ഓസീസിനെ കറക്കി വീഴ്ത്തിയത്. മുസ്തഫിസുര്‍ റഹ്മാനും ഷൊറിഫുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ മാത്യു വെയ്ഡും 14 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കും മാത്രമെ ഓസീസ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ബംഗ്ലാദേശിനെതിരെ ടി20യില്‍ ഓസീസിന്‍റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍ മുഹമ്മദ് നയീം(30) ഷാക്കിബ് അല്‍ ഹസന്‍(36), ക്യാപ്റ്റന്‍ മെഹമദ്ദുള്ള(20), ആഫിഫ് ഹൊസൈന്‍(23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിനായി ഹേസല്‍വുഡ് മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച നടക്കും.