കൊല്‍ക്കത്ത: പകല്‍- രാത്രി ടെസ്റ്റ് അരങ്ങേറ്റത്തിന് ഒരുങ്ങി ഇന്ത്യയും. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് രാത്രിയും പകലുമായി നടത്താനാണ് ബിസിസിഐയുടെ നീക്കം. കൊല്‍ക്കത്തയില്‍ നടക്കുന്ന ടെസ്റ്റ് രാത്രിയും പകലുമായി കളിക്കാനാവുമോയെന്ന് ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) ചോദിച്ചിട്ടുണ്ട്. ബിസിസിഐയുടെ അപേക്ഷ സ്വീകരിച്ച കാര്യം ബിസിബി സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയാല്‍ ഇന്ത്യയിലെ ആദ്യ പകല്‍- രാത്രി ടെസ്റ്റാവും ഈഡന്‍ ഗാര്‍ഡനില്‍ നടക്കുക. 

നവംബര്‍ 22നാണ് കൊല്‍ക്കത്ത ടെസ്റ്റ് തുടങ്ങുക. നേരത്തേ, പകല്‍- രാത്രി ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ധാരണയില്‍ എത്തിയിരുന്നു. പിങ്ക് പന്തില്‍ ഒരു പരിശീലനമത്സരം പോലും ഇന്ത്യന്‍ ടീം കളിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവെച്ച് പകല്‍-രാത്രി ടെസ്റ്റിനോട്നേരത്തെ മുഖംതിരിച്ചയാളാണ്വിരാട് കോലി.

നേരത്തെ, പകല്‍- രാത്രി ടെസ്റ്റ് മത്സരങ്ങളോട് വിയോജിക്കുന്ന ഇന്ത്യന്‍ ടീമിനെതിരെ തുറന്നടിച്ചിരുന്നു ഗാംഗുലി. വിന്‍ഡീസ്, ഓസ്ട്രേലിയ ടീമുകളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ ബിസിസിഐ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു. പകല്‍-രാത്രി മത്സരങ്ങള്‍ സ്പിന്നര്‍മാരുടെ ആനുകൂല്യം കുറയ്ക്കുമെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.