ധാക്ക: അഫിഫ് ഹുസൈന്‍, മുഹമ്മദ് നെയിം എന്നിവര്‍ ബംഗ്ലാദേശ് ഏകദിന ടീമിലേക്ക്. സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ നിന്ന് ഏഴ് മാറ്റങ്ങളാണ് ബംഗ്ലാദേശ് വരുത്തിയത്. ടീമിലെ സീനിയര്‍ താരം മഷ്‌റഫെ മൊര്‍ത്താസ ടീമിലേക്ക് തിരിച്ചെത്തി. മൊര്‍ത്താസ തന്നെയാണ് ടീമിനെ നയിക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷം മൊര്‍ത്താസ ബംഗ്ലാദേശിനായി കളിച്ചിട്ടില്ല. ഇത് താരത്തിന്റെ അവസാന പരമ്പരയാണെന്നും സൂചനയുണ്ട്.

ലിറ്റണ്‍ ദാസ്, നസ്മുള്‍ ഹുസൈന്‍, അല്‍- അമീന്‍ ഹുസൈന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍ എന്നിവരാണ് ടീമിലെത്തിയ മറ്റുതാരങ്ങള്‍. സൗമ്യ സര്‍ക്കാര്‍, അനാമുല്‍ ഹഖ്, മൊസദെക് ഹുസൈന്‍, സാബിര്‍ റഹ്മാന്‍, റുബെല്‍ ഹുസൈന്‍, ഫഹദ് റെസ, ടസ്‌കിന്‍ അഹമ്മദ് എന്നിവര്‍ പുറത്തായി. 20കാരനായ അഫിഫ് ബംഗ്ലാദേശിനായി 10 ടി20 മത്സരങ്ങളില്‍ പാഡ് കെട്ടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്തിടെ നേടിയ സെഞ്ചുറിയാണ് താരത്തിന് ടീമില്‍ അവസരം നല്‍കിയത്. നയീം അഞ്ച് ടി20കളില്‍ കളിച്ചിട്ടുണ്ട്. 

ബംഗ്ലാദേശ് ടീം: മഷ്‌റഫെ മൊര്‍ത്താസ (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, മഹ്മുദുള്ള, മുഷ്ഫിഖര്‍ റഹീം, മുഹമ്മദ് മിഥുന്‍, ലിറ്റണ്‍ ദാസ്, തയ്ജുല്‍ ഇസ്ലാം, അഫിഫ് ഹുസൈന്‍, മുഹമ്മദ് നയിം, അല്‍ അമീന്‍ ഹുസൈന്‍, മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷഫിയുല്‍ ഇസ്ലാം, മെഹ്ദി ഹസന്‍ മിറാസ്, മുസ്തഫിസുര്‍ റഹ്മാന്‍.