ചിറ്റഗോങ്: ടെസ്റ്റില്‍ ഒരു അഫ്ഗാന്‍ കളിക്കാരന്റെ ആദ്യ സെഞ്ചുറിയുമായി റഹ്മത്ത് ഷാ ചരിത്രത്തില്‍ ഇടം നേടിയ ദിനം ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ അഫ്ഗാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ്.

187 പന്തില്‍  പത്ത് ഫോറുകളുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 102 റണ്‍സെടുത്ത റഹ്മത്ത് ഷാ  ആണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. റഹ്മത്ത് ഷായ്ക്ക് പിന്നാലെ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ അര്‍ധസെഞ്ചുറിയും നേടിയതാണ് അഫ്ഗാന് തുണയായത്. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 88 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനും 35 റണ്‍സുമായി അഫ്സര്‍ സാസായിയുമാണ് ക്രീസില്‍.

ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇബ്രാഹിം സദ്രാന്‍ (21), ഇഹ്‌സാനുള്ള ജനാത് (9), ഹഷ്മത്തുള്ള ഷഹീദി (14), മുഹമ്മദ് നബി (0) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. തയ്ജുല്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

റാഷിദ് ഖാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റനായി അരങ്ങേറിയതും ഇന്നാണ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോര്‍ഡും റാഷിദ് ഖാന്‍ സ്വന്തമാക്കി.