ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ. 137 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ അഫ്ഗാന്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ അഫ്ഗാനിപ്പോള്‍ 374 റണ്‍സിന്റെ ആകെ ലീഡുണ്ട്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ഇബ്രാഹിം സര്‍ദ്രാനും(87), അസ്ഗര്‍ അഫ്ഗാനും(50) ആണ് രണ്ടാം ഇന്നിംഗ്സില്‍ അഫ്ഗാനായി തിളങ്ങിയത്. അഫ്സര്‍ സാസായി 34 റണ്‍സുമായി ക്രീസിലുണ്ട്. ക്യാപ്റ്റന്‍ റാഷിദ് ഖാനും(24) അഫ്ഗാനായി ബാറ്റിംഗില്‍ തിളങ്ങി. ബംഗ്ലാദേശിനായി ഷാക്കിബ് അല്‍ ഹസന്‍ മൂന്നും തൈജുള്‍ ഇസ്ലാം, നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് അധികം ദീര്‍ഘിച്ചില്ല. 205 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ ഔട്ടായി. അഫ്ഗാനായി ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. അഫ്ഗാനായി ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയിരുന്ന റാഷിദ് അഞ്ച് വിക്കറ്റും നേടിയതോടെ ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം കളിക്കാരനായി.

ഷെല്‍ഡണ്‍ ജാക്സണ്‍, ഇമ്രാന്‍ ഖാന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ മാത്രമാണ് റാഷിദിന് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ നായകനുമാണ് 20കാരനായ റാഷിദ്. 22 വയസില്‍ ഈ നേട്ടത്തിലെത്തിയ ഷാക്കിബിനെയാണ് റാഷിദ് മറികടന്നത്.