2015ല്‍ 87 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്
ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ്. ഇതോടെ ടെസ്റ്റില്‍ ബംഗ്ലാദേശില്‍ ഒരു ഇന്ത്യന്‍ സ്‌പിന്നറുടെ ഏറ്റവും മികച്ച പ്രകടനം എന്ന റെക്കോര്‍ഡ് കുല്‍ദീപ് സ്വന്തമാക്കി. സുനില്‍ ജോഷി, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ റെക്കോര്‍ഡാണ് കുല്‍ദീപ് തകര്‍ത്തത്. ചിറ്റഗോങ് ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് കുല്‍ദീപിന്‍റെ നേട്ടം. 22 മാസത്തിന് ശേഷമാണ് കുല്‍ദീപ് ടെസ്റ്റ് മത്സരം കളിക്കുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു ഇതിന് മുമ്പത്തെ ടെസ്റ്റ്.
2015ല്‍ 87 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍റെ പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. രവി അശ്വിനും സുനില്‍ ജോഷിയും മാത്രമാണ് ബംഗ്ലാദേശില്‍ ഇതിന് മുമ്പ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ. 2004ല്‍ അനില്‍ കുംബ്ലെ 55 റണ്‍സിന് നാല് വിക്കറ്റ് പേരിലാക്കി. എന്നാല്‍ ബംഗ്ലാദേശില്‍ ഒരിന്നിംഗ്‌സിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബൗളിംഗ് പ്രകടനം പേസര്‍ സഹീര്‍ ഖാന്‍റെ പേരിലാണ്. 2007ല്‍ മിര്‍പൂരില്‍ സഹീര്‍ 87 റണ്‍സിന് ഏഴ് വിക്കറ്റ് വീഴ്‌ത്തുകയായിരുന്നു.
പതിനാറ് ഓവറില്‍ ആറ് മെയ്‌ഡന്‍ ഓവറുകള്‍ സഹിതം 40 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവിന്‍റെ പ്രകടനത്തിന് മുന്നില്‍ ബംഗ്ലാദേശ് വെറും 150 റണ്‍സില്‍ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 404 റണ്‍സ് നേടിയിരുന്നാല്‍ ഇന്ത്യക്ക് ഇതോടെ 254 റണ്‍സിന്‍റെ വമ്പന്‍ ലീഡ് ലഭിച്ചു. കുല്‍ദീപിന്‍റെ അഞ്ച് വിക്കറ്റിന് പുറമെ മുഹമ്മദ് സിറാജ് മൂന്നും ഉമേഷ് യാദവും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും നേടി. ബംഗ്ലാ താരങ്ങളില്‍ 28 റണ്‍സെടുത്ത മുഷ്‌ഫീഖുല്‍ റഹീമാണ് ടോപ് സ്‌കോറര്‍. അഞ്ച് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ കഴിഞ്ഞില്ല.
നേരത്തെ ആദ്യം ബാറ്റ് ബാറ്റ് ചെയ്ത ഇന്ത്യ ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, രവി അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറിയിലാണ് 404-10 എന്ന മികച്ച സ്കോറിലെത്തിയത്. പൂജാര 203 പന്തില്‍ 90 ഉം അയ്യര്‍ 192 പന്തില്‍ 86 ഉം അശ്വിന്‍ 113 പന്തില്‍ 58 ഉം റണ്‍സെടുത്തു. റിഷഭ് പന്ത് 45 പന്തില്‍ 46 ഉം കുല്‍ദീപ് യാദവ് 114 പന്തില്‍ 40 ഉം റണ്‍സെടുത്തു. അശ്വിന്‍-കുല്‍ദീപ് സഖ്യത്തിന്‍റെ 92 റണ്‍സ് ഇന്ത്യക്ക് നിര്‍ണായകമായി.
കുല്‍ദീപിന് അഞ്ച് വിക്കറ്റ്, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സില്‍ നല്ല തുടക്കം
