ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ തമീം ഇക്ബാലും ലിറ്റണ്‍ ദാസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 10 ഓവറില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സടിച്ചു. ത

ധാക്ക: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്ക്കെതിരെ ബംഗ്ലാദേശിന് 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സടിച്ചപ്പോള്‍ സിംബാബ്‌വെ 19 ഓവറില്‍ 152 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും അമീനുള്‍ ഇസ്ലാമും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ വിജയം അനായാസമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍മാരായ തമീം ഇക്ബാലും ലിറ്റണ്‍ ദാസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 10 ഓവറില്‍ ഇരുവരും ചേര്‍ന്ന് 92 റണ്‍സടിച്ചു. തമീം ഇക്ബാല്‍(41) പുറത്തായശേഷമെത്തിയ സൗമ്യ സര്‍ക്കാര്‍(32 പന്തില്‍ 62*) അടിച്ചു തകര്‍ത്തതോടെ ബംഗ്ലാദേശ് സ്കോര്‍ബോര്‍ഡ് കുതിച്ചു. 39 പന്തില്‍ 59 റണ്‍സെടുത്ത ലിറ്റണ്‍ ദാസും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഷ്ഫീഖുര്‍ റഹീമും(8 പന്തില്‍ 17) മെഹ്മദുള്ളയും(9 പന്തില്‍ 14*) ചേര്‍ന്ന് ബംഗ്ലാദേശിനെ 200ല്‍ എത്തിച്ചു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ തകര്‍ന്ന സിംബാബ്‌വെക്കായി തിനാഷെ കമുന്‍ഹുകാംവെ(28), സീന്‍ വില്യംസ്(20), റിച്ച്മോണ്ട് മുതുബാമി(20), ഡൊണാള്‍ഡ് ട്രിപ്പാനോ(20), കാള്‍ മുംബ(25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടി20 11ന് നടക്കും.