ധാക്ക: സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ബംഗ്ലാദേശിന്. ഏക ടെസ്റ്റില്‍ സന്ദര്‍കരെ ഇന്നിങ്‌സിനും 106 റണ്‍സിനുമാണ് സിംബാബ്‌വെ തോല്‍പ്പിച്ചത്. ബംഗ്ലാദേശിനെ വീണ്ടും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സിംബാബ്‌വെയ്ക്ക് 295 റണ്‍സ് വേണമായിരുന്നു. എന്നാല്‍ സിംബാബ്‌വെ 189ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ നയീം ഹസന്‍, നാല് വിക്കറ്റ് നേടിയ തയ്ജുല്‍ ഇസ്ലാം എന്നിവരാണ് സിംബാബ്‌വെയെ തകര്‍ത്തത്. സ്‌കോര്‍: സിംബാബ്‌വെ 265 & 189. ബംഗ്ലാദേശ് 560/6 ഡി. ബംഗ്ലാദേശിനായി ഇരട്ട സെഞ്ചുറി നേടിയ മുഷ്ഫിഖര്‍ റഹീമാണ് മാന്‍ ഓഫ് ദ മാച്ച്.

നാലാം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനാണ് അവരുടെ ടോപ് സ്‌കോറര്‍. തിമിസെന്‍ മറൂമ (41), സികന്ദര്‍ റാസ (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

നേരത്തെ മുഷ്ഫിഖര്‍ റഹീം (203), മൊമിനുല്‍ ഹഖ് (132) എന്നിവരുടെ ഇന്നിങ്‌സാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (71), ലിറ്റണ്‍ ദാസ് (53) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.