ധാക്ക: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ ബംഗ്ലാദേശിന് ജയം. ധാക്ക ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. മഴ കാരണം ഇരു ടീമുകള്‍ക്കും 18 ഓവറാണ് അനുവദിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. ബംഗ്ലാദേശ് 17.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഒരുഘട്ടത്തില്‍ 9.3 ഓവറില്‍ ആറിന് 60 എന്ന നിലയില്‍ തോല്‍വിയെ ഉറ്റുനോക്കുകയായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അഫിഫ് ഹൊസൈന്‍ (26 പന്തില്‍ 52) മൊസദെക് ഹൊസൈന്‍ (24 പന്തില്‍ പുറത്താവാതെ 30) എന്നിവരുടെ ഇന്നിങ്‌സ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചു. ലിറ്റണ്‍ ദാസ് (19), സൗമ്യ സര്‍ക്കാര്‍ (4), ഷാക്കിബ് അല്‍ ഹസന്‍ (1), മുഷ്ഫിഖര്‍ റഹീം (0), മഹ്മുദുള്ള (14), സാബിര്‍ റഹ്മാന്‍ (15) എന്നിവരാണ് പുറത്തായ ബംഗ്ലാദേശ് താരങ്ങള്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍ (6) പുറത്താവാതെ നിന്നു. കെയ്ല്‍ ജാര്‍വിസ്, ടെന്റൈ ചടാര എന്നിവര്‍ സിംബാബ്‌വെയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ റ്യാന്‍ ബേളിന്റെ (32 പന്തില്‍ പുറത്താവാതെ 57) ഇന്നിങ്‌സാണ് സിംബാബ്‌വെയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബ്രണ്ടന്‍ ടെയ്‌ലര്‍ (6), ഹാമില്‍ട്ടണ്‍ മസകാഡ്‌സ (34), ക്രെയ്ഗ് ഇര്‍വിന്‍ (11), സീന്‍ വില്യംസ് (2), ടിമിക്കന്‍ മറുമ (1) എന്നിവരാണ്  പുറത്തായ താരങ്ങള്‍. ബേളിനൊപ്പം ടിനോടെന്റ മുടൊംബോഡ്‌സി (27) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി തയ്ജുല്‍ ഇസ്ലാം, മുഹമ്മദ് സെയ്ഫുദ്ദീന്‍, മുസ്തഫിസുര്‍ റഹ്മാന്‍, മൊസദെക് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.