ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടക്കുകയായിരുന്നു

ധാക്ക: ബംഗ്ലാദേശിനെതിരെ ട്വന്‍റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍ അല്‍പസമയത്തിനകം ഇറങ്ങും. ധാക്കയിലെ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. മലയാളി താരം മിന്നു മണി ഇന്നും ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്. ആദ്യ ട്വന്‍റി20യില്‍ ഇന്ത്യന്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി കന്നി രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം ടി20 ഇന്ത്യയില്‍ ടെലിവിഷനിലൂടെ തല്‍സമയം കാണാനാവില്ല. മത്സരം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ലൈവായി കാണാം. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ‌്‌മൃതി മന്ഥാന(വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, യാസ്‌തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), പൂജ വസ്‌ത്രകര്‍, ദീപ്‌തി ശര്‍മ്മ, അമന്‍ജോത് കൗര്‍, അനുഷ ബരെഡ്ഡി, മിന്നു മണി. 

ആദ്യ ട്വന്‍റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയിരുന്നു. ധാക്കയില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്(35 പന്തില്‍ 54*) ഇന്ത്യയുടെ വിജയശില്‍പി. ഓപ്പണര്‍ സ്‌മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. നേരത്തെ ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മിന്നു മണി തന്‍റെ നാലാം പന്തില്‍ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 28 റണ്‍സ് നേടിയ ഷോര്‍ന അക്‌തറാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. മിന്നുവിന് പുറമെ പൂജ വസ്‌ത്രകറും ഷെഫാലി വര്‍മ്മയും ഓരോ വിക്കറ്റ് നേടി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി. ഫിഫ്റ്റിയുമായി ഹര്‍മന്‍ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

Read more: അരങ്ങേറ്റം ഗംഭീരമാക്കി മിന്നു മണി; അപൂര്‍വ നാഴികക്കല്ല് സ്വന്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം