അരങ്ങേറ്റ ഓവറിൽ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു മണി

ധാക്ക: ടീം ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞത് കരിയറിലെ ഏറ്റവും വലിയ നേട്ടമാണെന്ന് മലയാളി വനിതാ ക്രിക്കറ്റര്‍ മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്‍റി 20യിലായിരുന്നു മിന്നു മണിയുടെ അരങ്ങേറ്റം. പന്തെറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ വിക്കറ്റ് നേടാന്‍ മിന്നു മണിക്ക് കഴിഞ്ഞു. ബംഗ്ലാദേശ് ഓപ്പണർ ഷമിമ സുൽത്താനയെ പുറത്താക്കിയാണ് വയനാട്ടുകാരിയായ മിന്നു മണി തന്‍റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. ടീമിൽ എല്ലാവരും തനിക്ക് വലിയ പിന്തുണ നൽകിയെന്നും മിന്നു മണി പറഞ്ഞു. അരങ്ങേറ്റ ഓവറിൽ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു മണി.

2001ൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ മലയാളി താരം ടിനു യോഹന്നാനും ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയിരുന്നു. ഇംഗ്ലണ്ടിന്‍റെ മാർക്ക് ബൂച്ചറിന്‍റെ വിക്കറ്റാണ് ടിനു അരങ്ങേറ്റ ഓവറിൽ സ്വന്തമാക്കിയത്. 

മിന്നി മിന്നു 

മിന്നു മണി അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്(35 പന്തില്‍ 54*) ഇന്ത്യയുടെ വിജയശില്‍പി. ഓപ്പണര്‍ സ്‌മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. നേരത്തെ ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 28 റണ്‍സ് നേടിയ ഷോര്‍ന അക്‌തറാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. മിന്നുവിന് പുറമെ പൂജ വസ്‌ത്രകറും ഷെഫാലി വര്‍മയും ഓരോ വിക്കറ്റ് നേടി. രണ്ട് ബംഗ്ലാ താരങ്ങള്‍ റണ്ണൗട്ടായി. ഫിഫ്റ്റിയുമായി ഹര്‍മന്‍ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

ആദ്യ മൂന്ന് പന്തുകളിലും ബൗണ്ടറി വഴങ്ങിയ ശേഷം നാലാം ബോളില്‍ വിക്കറ്റുമായി തിരിച്ചെത്തുകയായിരുന്നു മിന്നു മണി. തന്‍റെ മൂന്ന് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്താണ് മിന്നു മണി ഒരു വിക്കറ്റ് നേടിയത്. കന്നി വിക്കറ്റിന് പിന്നാലെ മിന്നുവിനെ പ്രശംസ കൊണ്ട് മൂടി ആരാധകര്‍. ഓള്‍റൗണ്ടറായ മിന്നുവിന് മത്സരത്തില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. 

Read more: സ്വപ്‌ന തുടക്കം; മിന്നു മണി മിന്നിത്തിളങ്ങിയെന്ന് ആരാധകര്‍, പ്രശംസാപ്രവാഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News