ബാഴ്‌സോലണ: ലാ ലിഗയില്‍ റയല്‍ മാഡ്രിഡുമായുള്ള അകലം ഒരു പോയിന്റാക്കി കുറച്ച് ബാഴ്‌സലോണ. പുലര്‍ച്ചെ നടന്ന മത്സത്തില്‍ എസ്പാന്യോളിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ലൂയിസ് സുവാരസാണ് ബാഴ്‌സയുടെ ഏക ഗോള്‍ നേടിയത്. 35 മത്സരങ്ങളില്‍ 76 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. ഒരു മത്സരം കുറച്ച് കളിച്ച റയലിന് 77 പോയിന്റുണ്ട്. അലാവസിനെതിരെയാണ് റയലിന്റെ അടുത്ത മത്സരം.

തോല്‍വിയോടെ എസ്പാന്യോള്‍ ലാലിഗയില്‍ നിന്ന് പുറത്തായി. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് എസ്പാന്യോള്‍ ലീഗില്‍ നിന്ന് പുറത്തുപോവുന്നത്. 56ാം മിനിറ്റില്‍ ഗ്രീസ്മാന്റെ മുന്നേറ്റത്തില്‍ നിന്നാണ് ഗോള്‍ പിറന്നത്. എസ്പാന്യോളിലെ ബോക്‌സില്‍ നിന്ന് ഗ്രീസ്മാന്റെ ബാക്ക് ഹീല്‍ പാസില്‍ മെസി ഷോട്ടുതിര്‍ത്തെങ്കിലും പ്രതിരോധതാരത്തിന്റെ കാലില്‍തട്ടി. എന്നാല്‍ തൊട്ടുപിന്നിലുണ്ടായിരുന്ന സുവാരസിന് പിഴച്ചില്ല.

മത്സരത്തില്‍ ബാഴ്‌സയുടെ യുവതാരം അന്‍സു ഫാറ്റിയും എസ്പാന്യോളിന്റെ പോള്‍ ലൊസാനോയും ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയിരുന്നു. മൂന്ന് മത്സരങ്ങലാണ് ബാഴ്‌സലോണയ്ക്ക് ഇനി അവശേഷിക്കുന്നത്. റയല്‍ ഒരു തോല്‍വിയും സമനിലയും വഴങ്ങിയെങ്കില്‍ മാത്രമെ ബാഴ്‌സലോണയ്ക്ക് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. ബാഴ്‌സ ശേഷിക്കുന്ന മത്സരങ്ങള്‍ എല്ലാം ജയിക്കുകയും വേണം.