Asianet News MalayalamAsianet News Malayalam

സഞ്ജുവിന്റെ സാധ്യതകള്‍ അടയുന്നുവോ? ടി20 ലോകകപ്പിനുള്ള ടീമിനെ കുറിച്ച് ബാറ്റിങ് കോച്ച്

ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ടൂര്‍ണമെന്റാണ് ഇന്ത്യയിലേക്ക് മാറ്റിയത്. എന്നാല്‍ ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ കുറച്ച് ബാറ്റിങ് കോച്ച് വിക്രം റാത്തോറിന് ഒരു ഏകദേശ ധാരണയുണ്ട്. 

 

batting coach Vikram Rathour talking on Indian batting squad for world cup
Author
Ahmedabad, First Published Mar 10, 2021, 4:25 PM IST

അഹമ്മദാബാദ്: മാസങ്ങള്‍ മാത്രമാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിന് ബാക്കിയുള്ളത്. വെള്ളിയാഴ്ച്ച ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ആരംഭിക്കുമ്പോള്‍ ലോകകപ്പിന് മികച്ച ടീമിനെ ഒരുക്കുകയെന്ന ലക്ഷ്യം കൂടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ മുന്നിലുണ്ടാവും. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ടൂര്‍ണമെന്റാണ് ഇന്ത്യയിലേക്ക് മാറ്റിയത്. എന്നാല്‍ ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ കുറച്ച് ബാറ്റിങ് കോച്ച് വിക്രം റാത്തോറിന് ഒരു ഏകദേശ ധാരണയുണ്ട്. 

അദ്ദേഹം പറയുന്നത്, മിക്കവാറും ഈ ടീം തന്നെയായിരിക്കും ലോകകപ്പ് കളിക്കുകയെന്നാണ്. റാത്തോറിന്റെ വാക്കുകളിങ്ങനെ... ''ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച ബാറ്റിങ് യൂനിറ്റ് തരപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ ടി20 പരമ്പര കഴിയുമ്പോള്‍ ബോധ്യപ്പെടും ലോകകപ്പ് കളിക്കാനുള്ള ടീം ഇതുതന്നെയായിരിക്കുമെന്ന്. ലോകകപ്പ് ടീം ഏതായിരിക്കുമെന്ന് ഈ പരമ്പരയോടെ തീരുമാനമാവും. 

ലോകകപ്പിനെത്തുമ്പോള്‍ വലിയ മാറ്റങ്ങളൊന്നും ഈ ടീമില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. കാരണം ഇപ്പോള്‍ തന്നെ ടീം ശക്തമാണ്.'' റാത്തോര്‍ പറഞ്ഞു. മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകള്‍ ഏറെകുറെ അടഞ്ഞുവെന്ന് റാത്തോറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. റിഷഭ് പന്ത് ടീമിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചും റാത്തൂര്‍ സംസാരിച്ചു. പന്ത് ടീമിന് പുറത്തായിരുന്ന സാഹചര്യത്തില്‍ കെ എല്‍ രാഹുലായിരുന്നു ഓപ്പണര്‍. എന്നാല്‍ പന്ത് തിരിച്ചെത്തിയെങ്കിലും വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്നുള്ള കാര്യത്തില്‍ റാത്തോര്‍ വ്യക്തമായ മറുപടിയൊന്നും നല്‍കിയില്ല. 

റാത്തോര്‍ പറയുന്നതിങ്ങന... ''ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച പ്രകനടമാണ് രാഹുല്‍ പുറത്തെടുത്തത്. കൂടുതല്‍ റണ്‍സ് കണ്ടെത്തിയ താരം വിക്കറ്റിന് പിന്നിലും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. പന്ത് ഇപ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തി. ഇനിയെന്താണ് സംഭവിക്കുകയെന്ന് നമുക്ക് നോക്കാം. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. ആ തീരുമാനം ചിലപ്പോള്‍ മത്സരത്തിന്റെ തൊട്ടുമുമ്പ് മാത്രമായിരിക്കുമെടുക്കുന്നത്.'' റാത്തോര്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios